"അങ്ങനെയാണ് കെഎസ്‌യു കഥ എസ്എഫ്ഐ ആയി മാറിയത്"; രൂപേഷിനെ പിന്തുണച്ച് ജിനോ ജോണ്‍

രൂപേഷ് പറഞ്ഞത് നുണയാണെന്നായിരുന്നു സംവിധായകന്‍ ടോം ഇമ്മട്ടിയുടെ പ്രതികരണം
'ഒരു മെക്സിക്കന്‍ അപാരത' വീണ്ടും ചർച്ചയാകുന്നു
'ഒരു മെക്സിക്കന്‍ അപാരത' വീണ്ടും ചർച്ചയാകുന്നുSource: Facebook
Published on

ടൊവിനോ തോമസ് നായകനായ 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. മഹാരാജാസ് കോളേജില്‍ കെഎസ്‌യു ആധിപത്യം തകർത്ത് എസ്‌എഫ്ഐ, യൂണിയന്‍ പിടിച്ചടക്കുന്നതാണ് സിനിമയുടെ കഥ. എന്നാല്‍ യഥാർഥ കഥ മറിച്ചാണെന്നും താനാണ് കഥ ഈ രീതിയില്‍ മാറ്റിയെഴുതിയാല്‍ മാത്രമേ സാമ്പത്തികമായി വിജയിക്കുകയുള്ളുവെന്ന് പറഞ്ഞതെന്നും സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍ വെളിപ്പെടുത്തിയതോടെയാണ് ടോം ഇമ്മട്ടി ചിത്രം വീണ്ടും ചർച്ചയായത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ പ്രസ്താവന. 'ഒരു മെക്സിക്കന്‍ അപാരത'യിലെ പ്രധാന വില്ലന്‍ വേഷം അവതരിപ്പിച്ചത് രൂപേഷ് പീതാംബരനാണ്.

രൂപേഷ് പറഞ്ഞത് നുണയാണെന്നായിരുന്നു സംവിധായകന്‍ ടോം ഇമ്മട്ടിയുടെ പ്രതികരണം. സിനിമയ്ക്ക് പ്രചോദനമായത് ചെ ഗുവേരയുടെ കഥയാണെന്നായിരുന്നു ടോമിന്റെ വാദം. എന്നാല്‍, രൂപേഷിനെ ശരിവച്ച് 'ഒരു മെക്സിക്കന്‍ അപാരത'യുടെ യഥാർഥ കഥയിലെ നായകനും നടനുമായ ജിനോ ജോണ്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ജിനോയുടെ പ്രതികരണം.

'ഒരു മെക്സിക്കന്‍ അപാരത' വീണ്ടും ചർച്ചയാകുന്നു
"ഭരണകക്ഷിയുടെ സുഹൃത്തായ നടന്‍ എന്താടോ നമുക്കൊന്നും അവാർഡ് ഇല്ലേ എന്ന് ചോദിച്ചു, ഉടന്‍ കിട്ടി പുരസ്കാരം" ; വിമർശനവുമായി സംവിധായകന്‍

രുപേഷ് പീതാംബരൻ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകൻ, തൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറയുന്നതിലാണ് നുണയുള്ളതെന്ന് ജിനോ ഫേസ്ബുക്കില്‍ കുറിച്ചു. "വർഷങ്ങൾക്ക് മുൻപ് ഈ കാര്യം പറഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൻ്റെ മുന്നിൽ വന്ന് എന്നെ നേരിൽ കണ്ട ടോം ഇമ്മട്ടിയുടെ അന്നത്തെ മുഖവും, പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞാൽ സിനിമയ്ക്ക് കാരണമായ എൻ്റെ യഥാർത്ഥ കഥയെ കുറിച്ച് പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്യുമെന്ന് പറഞ്ഞ ടോം ഇമ്മട്ടിയുടെ വാക്കുകളും ഇന്നും മനസ്സിലുണ്ട്... പ്രണവ് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം ചെയ്യാനുറച്ച് എഴുതി കൊണ്ടിരിക്കുന്ന കാലം. താൻ ചെയ്യാൻ പോകുന്ന ഒരു മെക്സിക്കൻ അപാരത സിനിമയിലേക്ക് എൻ്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു," ജിനു കുറിപ്പില്‍ എഴുതുന്നു.

ജിനോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ടോം ഇമ്മട്ടി പറഞ്ഞ കെഎസ്‌യുവിൻ്റെ ചെഗുവേര..!

രൂപേഷ് പീതാംബരൻ പറഞ്ഞതിലാണ് ശെരി. എൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറഞ്ഞതിലാണ് നുണ..

ഒരു മെക്സിക്കൻ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു ചെയർമാനായ എൻ്റെ ജീവിത കഥയാണ്. സിനിമ ഇറങ്ങി 8 വർഷത്തിനിപ്പുറം രൂപേഷ് പീതാംബരൻ പറഞ്ഞതിലാണ് ശെരി. രുപേഷ് പീതാംബരൻ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകൻ, എൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറയുന്നതിലാണ് നുണയുള്ളത്.

വർഷങ്ങൾക്ക് മുൻപ് ഈ കാര്യം പറഞ്ഞ് എറണകുളം മഹാരാജാസ് കോളേജിൻ്റെ മുന്നിൽ വന്ന് എന്നെ നേരിൽ കണ്ട ടോം ഇമ്മട്ടിയുടെ അന്നത്തെ മുഖവും, പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞാൽ സിനിമക്ക് കാരണമായ എൻ്റെ യഥാർത്ഥ കഥയെ കുറിച്ച് പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്യുമെന്ന് പറഞ്ഞ ടോം ഇമ്മട്ടിയുടെ വാക്കുകളും ഇന്നും മനസ്സിലുണ്ട്...

പ്രണവ് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം ചെയ്യാനുറച്ച് എഴുതി കൊണ്ടിരിക്കുന്ന കാലം.താൻ ചെയ്യാൻ പോകുന്ന ഒരു മെക്സിക്കൻ അപാരത സിനിമയിലേക്ക് എൻ്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു.

എൻ്റെ സംവിധായകമോഹം ഉള്ളിലൊതുക്കി യാതൊരു സങ്കോചവുംമില്ലാതെ ഞാൻ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വർഷങ്ങളോളം താങ്കൾക്കൊപ്പം നിന്നു.. അന്ന്, ഏറ്റവും അടുത്ത സുഹൃത്ത് രക്ഷപ്പെട്ട് കാണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചത്... ഇപ്പോൾ തെറ്റായി പോയെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു..

ആദ്യം കെഎസ്‌യുക്കാരൻ ചെയർമാനാകുന്ന റിയൽ ലൈഫ് സിനിമാ കഥ, പിന്നീട് സ്വതന്ത്രൻ ചെയർമാനാകുന്ന സിനിമാ കഥ, പിന്നീട്, വീണ്ടും കെഎസ്‌യുക്കാരൻ ചെയർമാനാകുന്ന സിനിമാക്കഥാ, പിന്നീട് പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്നും പ്രൊജക്ട് ഓണാകുന്നില്ലെന്നും, പടം ഹിറ്റാകാൻ വേണ്ടിയാണെന്നും പറഞ്ഞ് എസ്‌എഫ്ഐക്കാരൻ ചെയർമാനാകുന്ന ട്വിസ്റ്റ്ഡ് സിനിമയായി ഇറങ്ങിയ കഥ. ഇങ്ങനെ നമ്മൾ എഴുത്തുമായി എത്ര വർഷങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. സുഹൃത്തുക്കൾ ജീവിതവും പ്രൊഫഷനും രക്ഷപ്പെടാനായി അവരുടെ സിനിമ ജീവിതത്തിന് എൻ്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാകാണ്ടെന്നും കരുതി. കെഎസ്‌യു കഥ എസ്‌എഫ്ഐ ആയി മാറാൻ ഞാനും അവസാനം ഓകെ പറഞ്ഞു. പക്ഷെ, ഞാൻ കാണിച്ച സുഹൃത്ത് ബന്ധത്തോടുള്ള ആത്മാർത്ഥത സിനിമ ഇറങ്ങിയപ്പോൾ കാണിക്കാൻ എൻ്റെ പ്രിയ സുഹൃത്ത് മറന്നുപോയി. സിനിമക്ക് മുൻപ് എന്നോട് പറഞ്ഞതുപോലെ ഒരു മെക്സിക്കൻ അപാരത സിനിമക്ക് കാരണമായ യഥാർത്ഥ കഥ, എൻ്റെ ലൈഫ് സ്റ്റോറിയാണെന്ന കാര്യം പത്രമാധ്യമങ്ങളിൽ കൊടുക്കുമെന്ന് പറഞ്ഞത് പാഴ്‌വാക്കായി മാറി. സിനിമയുടെ വലിയ വിജയത്തിൽ മതി മറന്ന് നിന്നപ്പോൾ.., ആ സിനിമ നടക്കാനും വലിയ വിജയത്തിനും

കാരണക്കാരനായ എന്നെ അദ്ദേഹം വിസ്മരിച്ചു പോയി. ആ മറവിക്ക് ഞാൻ കൊടുക്കേണ്ടി വന്ന വിലയെന്താണെന്ന് ഞാനിപ്പോൾ പറയുന്നില്ല.. ഇത്രയും വർഷം ടോം ഇമ്മട്ടി പറയുമെന്ന് ഞാൻ ആഗ്രഹിച്ച കാര്യം, അതിൽ അഭിനയിച്ച രുപേഷ് പീതാംബരാനാണ് ഇപ്പോൾ പറഞ്ഞത്., അതിനെ നുണയാക്കി മാറ്റിയ സംവിധായകൻ ടോം ഇമ്മട്ടിയാണ് ഇപ്പോൾ നുണ പറയുന്നത്. അത് ആരെ തൃപ്തിപ്പെടുത്താനാണെങ്കിലും അത് ശുദ്ധ പോക്കിരിത്തരമാണ്. ഏറ്റവും വലിയ തെളിവ് ഞാനായി ഇവിടെ നിലനിൽക്കുന്നിടത്തോളം കാലം.. കാലം മായ്ക്കാത്ത ചരിത്രമായി മഹാരാജാസിലെ കെഎസ്‌യുവിൻ്റെ വിജയം നിലനിൽക്കുന്നിടത്തോളം കാലം... സത്യത്തെ നുണയാക്കി മാറ്റാൻ കുറച്ച് പാടുപെടുമെന്ന് ഞാനും ടോമിനെ ഓർമ്മിപ്പിക്കുന്നു.

എന്ന്....

മഹാരാജാസിലെ ടോം ഇമ്മട്ടിയുടെ സ്വന്തം കെഎസ്‌യു ചെഗുവേര..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com