ഇതൊരു ഒന്നൊന്നര പണി തന്നെ! ഇനി സംവിധായകന്‍ ജോജു ജോര്‍ജ്; 'പണി' ട്രെയില‍ർ

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
ഇതൊരു ഒന്നൊന്നര പണി തന്നെ! ഇനി സംവിധായകന്‍ ജോജു ജോര്‍ജ്; 'പണി' ട്രെയില‍ർ
Published on


ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന 'പണി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഒക്ടോബർ 24 ന് തീയേറ്ററുകളിലെത്തും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. 'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടേയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മുന്‍നിര സംവിധായകര്‍ക്കൊപ്പം ജോജുവിന് അവസരങ്ങള്‍ ലഭിച്ചു.

സിനിമാലോകത്തെ ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി ജോജു പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ... എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ 10 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മലയാളത്തിൽ എത്തുന്നത്.

ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com