
91 ൻ്റെ ചെറുപ്പത്തിൽ മലയാള സിനിമയുടെ കാരണവർ മധു. കടപ്പുറത്തൊരു വഞ്ചിയിൽ ഏകനായി പാടുന്ന പരീക്കുട്ടിയായും, ഏകാന്തതയുടെ അപാരതീരം തേടുന്ന എഴുത്തുകാരനായുമൊക്കെ മലയാളികളുടെ ഹൃദയത്തിലേക്കാണ് മധു ആഴ്ന്നിറങ്ങിയത്. 60 വർഷക്കാലം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച മധു മലയാളിക്ക് എന്നും പ്രിയപ്പെട്ട വ്യക്തിത്വമാണ്. മലയാള സിനിമ കറുപ്പിലും വെളുപ്പിലും പിന്നീട് ബഹുവർണങ്ങളിലേക്ക് എത്തിയപ്പോഴും തലയെടുപ്പോടെ മധു എന്ന നടൻ ഉണ്ടായിരുന്നു. 1959 ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുന്ന സ്റ്റീഫൻ എന്ന സൈനികനെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ ഗാനരചയിതാവായിരുന്ന പി. ഭാസ്‌കരനാണ് മാധവൻ നായർ എന്ന പേര് മധു എന്നാക്കി മാറ്റിയത്. തൊട്ടടുത്ത വർഷം 1964-ൽ റിലീസ് ചെയ്ത ഭാർഗവീനിലയത്തിൽ എഴുത്തുകാരനായ ബഷീറായി മധു വേഷമിട്ടു. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസ്സുമായി ജീവിച്ച ചെമ്മീനിലെ പരീക്കുട്ടിയിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നു കയറി.
ALSO READ: ഉണ്ണി മുകുന്ദന്‍റെ മാർക്കോ; പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്റർ പുറത്ത്
മന്നാഡേ ആലപിച്ച മാനസമൈനേ വരൂ.. എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ഒരുകാലത്ത് ജനം വിശ്വസിച്ചു. ചെമ്മീനിനുശേഷം മലയാളത്തിലേക്ക് രാഷ്ട്രപതിയുടെ മെഡൽ രണ്ടാമത് എത്തിച്ച അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ വിശ്വം എന്ന നായകകഥാപാത്രത്തെ അനശ്വരമാക്കി. തുടർന്ന് എം. ടിയുടെ കഥയിൽ പി. എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരത്തിലെ ബാപ്പുട്ടി, തകഴിയുടെ ഏണിപ്പടികളിലെ കേശവൻപിള്ള, രമണനിലെ മദനൻ, തുടങ്ങി നിരവധി വേഷങ്ങളിൽ മധു തിളങ്ങി.
മലയാളത്തിനു പുറമേ, ഹിന്ദിയിലും തമിഴിലും മധു വേഷമിട്ടു. അമിതാഭ് ബച്ചന്റെ ആദ്യ സിനിമയായ സാത് ഹിന്ദുസ്ഥാനിയിൽ ഫുട്ബോൾ കോച്ചിന്റെ വേഷത്തിലായിരുന്നു മധു. അദ്ധ്യാപിക, മുറപ്പെണ്ണ്, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാണ്ഡം, നീതിപീഠം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു.
മുഖ്യധാരാ-സിനിമയിലും സമാന്തര-സിനിമയിലും ടെലിവിഷൻ പരമ്പരകളിലും മധു സാന്നിദ്ധ്യമറിയിച്ചു. മധു എന്ന നായകനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ, കുടുംബനാഥനായും മുത്തച്ഛനായും തിരശ്ശീലയിൽ എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ക്യാമറക്ക് മുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല മധുവിന്റെ ജീവിതം. സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.
12 സിനിമകളുടെ സംവിധായകനായ മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു, പതിനഞ്ച് സിനിമകൾക്ക് മാധവൻ നായർ എന്ന മധു നിർമ്മാതാവായി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് പ്രിയക്കും സിന്ദൂരച്ചെപ്പിനും ലഭിച്ചതോടെ പുരസ്‌കാര വേദികളിലും മധു തിളങ്ങി. മലയാള സിനിമയിലെ പ്രധാനികളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ മധുവെന്ന നടനുണ്ട്. പതിറ്റാണ്ടുകളായി പല വേഷങ്ങളിലും ഭാവങ്ങളിലും പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ മലയാളികളുടെ മധുവിന് ജന്മദിനാശംസകൾ.