
മലയാളത്തിൻ്റെ മെഗാ താരം മമ്മൂട്ടിക്ക് ഇന്ന് 73ാം പിറന്നാൾ. അഞ്ചു പതിറ്റാണ്ടായി സിനിമയോടും കഥാപാത്രങ്ങളോടും കലഹിച്ച് താരപ്രഭയും നടനമികവും ചേരുന്ന ആ മാജിക്കിൻ്റെ പേരാണ് മമ്മൂട്ടി. അദ്ദേഹം ചെയ്തു ഫലിപ്പിക്കാത്ത വേഷങ്ങളില്ല, പകർന്നാടാത്ത നടനഭാവങ്ങളില്ല! എന്നിട്ടും തന്നിലെ നടനോട് നിരന്തരം മത്സരിച്ച്, സ്വയം നവീകരിച്ചും പരീഷണങ്ങൾക്കും പുതുമകൾക്കും അവസരം നൽകിയും മലയാളത്തിൻ്റെ വെള്ളിത്തിരയിൽ തലയെടുപ്പോടെ മമ്മൂട്ടി നിൽക്കുന്നു.
'തേച്ചു മിനുക്കിയെടുത്ത നടനാണ് ഞാൻ. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും' എന്നു മമ്മൂട്ടി തന്നെ പറയുമ്പോൾ, താരപ്രഭയുടെ ശ്വാസം മുട്ടിക്കലുകളിൽ നിന്നും വെല്ലുവിളിയേകുന്ന കഥാപാത്രങ്ങൾക്കായി അയാൾ മണ്ണിലേക്കിറങ്ങുന്നു.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നു കുറിച്ച് പത്രത്തിൽ പരസ്യം നൽകിയ നിയമ ബിരുദധാരിയായ, പാണപറമ്പിൽ ഇസ്മയിൽ മുഹമ്മദ് കുട്ടിയെന്ന വൈക്കംകാരനിൽ നിന്ന് 400 ൽ അധികം സിനിമകളിൽ അഭിനിയിച്ച, ഏറ്റവും താരമൂല്യമുള്ള, രാജ്യം അംഗീകരിച്ച നടനിലേക്കുള്ള ആ പ്രയാണം അത്ര ചെറുതായിരുന്നില്ല.
എഴുപതുകളുടെ തുടക്കത്തിൽ അനുഭവങ്ങള്‍ പാളിച്ചകൾ എന്ന ചിത്രത്തിൽ ബഹദൂറിൻ്റെ കഥാപാത്രത്തിനൊപ്പം ഓടിവരുന്ന രണ്ടു നാട്ടുകാരില്‍ ഒരാളായും, കാലചക്രത്തിൽ വള്ളക്കാരൻ്റെ വേഷത്തിലും മുഖം കാണിച്ചായിരുന്നു മമ്മൂട്ടിയുടെ തുടക്കം. പിന്നീട് 80 ൽ എംടിയുടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലെ മാധവന്‍കുട്ടി എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ സാന്നിധ്യമറിയിച്ചു. "ഒപ്പം പേരെടുത്ത നടന്മനാരുണ്ടായിട്ടും പുതിയതായി അഭിനയിക്കാൻ വരുന്നവർക്കുള്ള പരിഭ്രമില്ലാതെ, അനായാസമായി മമ്മൂട്ടി ആ വേഷം പകർന്നാടി", ഇതു പറഞ്ഞത് പിന്നീട് ശക്തമായ കഥാപാത്രങ്ങൾ ഏറെ മമ്മൂട്ടിക്ക നൽകിയ എംടി തന്നെയാണ്.
അവിടെ നിന്നും ആടൂരിനെയും കെ ജി ജോർജിനേയും പോലുള്ള പ്രതിഭകളുടെ ക്യാമ്പുകളില്‍ മമ്മൂട്ടി എത്തി.1981 മുതലുള്ള ദശകം മമ്മൂട്ടി കരിയറിൽ ഏറ്റവും കൂടുതല്‍ സിനിമകളിൽ അഭിനയിച്ച കാലമാണ്. 84-85 ലും 34 വീതവും 86-ല്‍ 35 സിനിമകളിലും മമ്മൂട്ടി അഭിനയിച്ചു. അവിടെ, അത്രയും കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവസമ്പത്തിൻ്റെ കാര്യമാണ് കണക്കാക്കേണ്ടത്.
തൊണ്ണൂറുകൾ മുതൽ പ്രേക്ഷകർ കണ്ടത്, നടനായി ഭ്രമിപ്പിച്ച് താരസിംഹാസനം നേടിയുള്ള യാത്രയായിരുന്നു. എന്നാൽ അതെത്ര എളുപ്പമുള്ളതായിരുന്നില്ല.തുടർ പരാജയങ്ങളോടെ സിനിമയും പ്രേക്ഷകരും എഴുതി തള്ളിയിടത്തുനിന്നും ന്യൂ ഡെൽഹിയും ഹിറ്റ്ലറും പോലുള്ള വലിയ വിജയഗാഥകളോടെ മമ്മൂട്ടി തിരികെ വന്നു. പിന്നീട് കഥ മാറി, സിനിമയിലെ മാറ്റങ്ങളും സാങ്കേതിക വളർച്ചയും നിരീഷിച്ച് സ്വയം മാറിയും തെരഞ്ഞെടുപ്പ് മാറ്റിയും മുന്നേ നടന്നു.
കോവിഡാനന്തരം സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഇത്രത്തോളം വിസ്മമയിപ്പിക്കുന്ന മറ്റൊരു ഇന്ത്യൻ സൂപ്പർ സ്റ്റാറില്ല എന്ന് സിനിമാ ലോകം തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്.
ഒരേസമയം വിധേയനിലെ ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമായും പൊന്തന്‍മാടയില്‍ അടിയാളരൂപമായും പകർന്നാടിയ മമ്മൂട്ടിക്ക്, ബഷീറായി ജീവിച്ച മതിലുകളും വടക്കൻ പാട്ടിലെ ചന്തുവിന് ജീവിതം നൽകിയ ഒരു വടക്കന്‍ വീരഗാഥയും, ഡോ. ബാബാ സാഹേബ് അംബേദ്കറും മികച്ച നടനുള്ള ദേശിയ പുരസ്കാരം മൂന്നു തവണ നേടിക്കൊടുത്തു.
ആ മമ്മൂട്ടിപ്പെരുമയിൽ തമിഴിൽ മൗനം സമ്മതം, ഹിന്ദിയിൽ ത്രിയാത്രി എന്നീ ചിത്രങ്ങളിലൂടെ പുതിയ വാതിലുകളും തുറന്നു. വിധേയനിലും പാലേരി മാണിക്യത്തിലും റോഷാക്കിലും ഭ്രമയുഗത്തിലും വാർപ്പു മാതൃകകളെ പൊളിച്ചെഴുതി പ്രതിനായക ഭാവങ്ങളണിഞ്ഞു. 'നാം കാണാത്ത മറ്റെന്തോ’ ഉണ്ടെന്ന തോന്നൽ അപ്പോഴെല്ലാം പ്രേക്ഷകർക്കു പകർന്നു. കാരണം മമ്മൂട്ടിക്കറിയാം, താരപ്രഭയിൽ നിന്നും താഴേക്കിറങ്ങി വരുമ്പോഴാണ് അത്ഭുതവും അതിശയവും ആവേശവും ജനിക്കുന്നതെന്ന്.
ശബ്ദത്തെയും തൻ്റെ അഭിനയ ഉപകരണമാക്കി മാറ്റി മമ്മൂട്ടി. ഭാവവ്യത്യാസങ്ങളെ ശബ്ദത്തിൽ സൃഷ്ടിച്ച് ആഴപ്പരപ്പുകളും അടരുകളും അയാൾ അളന്നെടുത്തു. ഭാഷാ വൈവിധ്യത്തിൽ തിമിർത്താടി. വിധേയൻ, രാജമാണിക്യം, അമരം, വടക്കൻ വീരഗാഥ, ഡാനി, പ്രാഞ്ചിയേട്ടൻ, പാലേരി മാണിക്യം, പുത്തൻപണം തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ വാമൊഴി ഭാഷയിലെ വൈവിധ്യം അസാമാന്യ മെയ് വഴക്കത്തോടെ പകർന്നാടി. ഭാഷയുടെ അതിരുകൾക്കപ്പുറം ദേശങ്ങളെയും സ്വന്ത ശരീരത്തിലേക്ക് ആവാഹിച്ചു. തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും ഇംഗ്ലീഷും പറഞ്ഞപ്പോൾ തൻ്റെ ഭാവങ്ങൾക്ക് സ്വന്തം ശബ്ദം തന്നെ ചേർത്തുപിടിച്ചു.
അവിടെയൊക്കെ പ്രേക്ഷകരുടെ മാറുന്ന അഭിരുചികളെ ചോദ്യം ചെയ്യാതെ, ഒട്ടും വിലകുറച്ചു കാണാതെ, സ്വയം മെച്ചപ്പെടുത്തി പുതിയ യുവതലമുറയോട് മത്സരിക്കുകയാണ് മമ്മൂട്ടി. ഇന്നു മമ്മൂട്ടി കമ്പനി എന്ന നിർമാണ സംരംഭം സൃഷ്ടിക്കുന്ന സിനിമകൾ പോലും മമ്മൂട്ടി എന്ന നടൻ്റെ കലഹത്തിൻ്റെ, അന്വേഷണത്തിൻ്റെ കണ്ടെത്തലുകളാണെന്നു കാലം പറയുന്നു.