
കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത്താ ലേഡീസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ലിംഗസമത്വത്തെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ശക്തമായ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമയാണ് ലാപത്താ ലേഡീസ്. ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദീപകിനെ അവതരിപ്പിച്ച നടന്‍ സ്പര്‍ശ് ശ്രീവാസ്തവ സിനിമ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരിച്ചിരിക്കുകയാണ്. താന്‍ ഒരിക്കലും ലാപത്താ ലേഡീസ് ഓസ്‌കാര്‍ വരെ എത്തുമെന്ന് വിചാരിച്ചില്ലെന്നാണ് സ്പര്‍ശ് പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
'ഒരിക്കലും വിചാരിച്ചിരുന്നില്ല ലാപത്താ ലേഡീസ് ഓസ്‌കാര്‍ വരെ എത്തുമെന്ന്. എല്ലാം പെട്ടന്നായിരുന്നു സംഭവിച്ചത്. ഞാന്‍ എന്റെ കാസ്റ്റിംഗ് ഡയറക്ടറുമായി ഒരു മീറ്റിംഗിലായിരുന്നു. അപ്പോള്‍ റോമിലാണ് എന്നെ വിളിക്കുന്നതും ചിത്രം ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പറയുന്നതും. സിനിമ ഇത്രയും ഉയരത്തിലെത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഒരു നല്ല സിനിമ ചെയ്തുവെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഓസ്‌കാര്‍ എന്‍ട്രിയാകണമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഉറപ്പ് ഉണ്ടായിരുന്നില്ല', സ്പര്‍ശ് ശ്രീവാസ്തവ പറഞ്ഞു.
'ഞാന്‍ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളുടെയും ലക്ഷ്യം പ്രേക്ഷകരെ എന്റര്‍ട്ടെയിന്‍ ചെയ്യിക്കുക എന്നതാണ്. അതില്‍ എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ വളരെ നല്ല കാര്യം. എന്നെ സംബന്ധിച്ച് എന്റര്‍ട്ടെയിന്‍ ചെയ്യപ്പെടാനാണ് പ്രേക്ഷകര്‍ പണം മുടക്കി സിനിമ കാണുന്നത്', എന്നും സ്പര്‍ശ് കൂട്ടിച്ചേര്‍ത്തു.
ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപത്ത ലേഡീസ് മാര്‍ച്ച് 1നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയാവുക എന്നത് തന്റെ സ്വപ്നമാണെന്ന് കിരണ്‍ റാവു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു.