അരനൂറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം; മലയാളത്തിൻ്റെ ശ്രീനിയ്ക്ക് വിട....

ശ്രീനിവാസന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
അരനൂറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം; മലയാളത്തിൻ്റെ ശ്രീനിയ്ക്ക് വിട....

ഒരിക്കലും മരിക്കാത്ത ഹാസ്യമാണ് ശ്രീനിവാസൻ: ഹരീഷ് കണാരൻ

ഒരിക്കലും മരിക്കാത്ത ഹാസ്യമാണ് ശ്രീനിവാസൻ എന്ന് നടൻ ഹരീഷ് കണാരൻ. ചിരിയും ചിന്തയും നൽകുന്ന സിനിമകൾ സമ്മാനിച്ച ശ്രീനിവാസനെ എല്ലാ തലമുറയും ഓർമിക്കും എന്നും ഹരീഷ് കണാരൻ പറഞ്ഞു.

മകൻ ധ്യാൻ ശ്രീനിവാസൻ കണ്ടനാട്ടെ വീട്ടിൽ എത്തി

ശ്രീനിവാസനെ അവസാനമായി കാണാൻ നടൻ മമ്മൂട്ടിയെത്തി

താങ്ങാനാവാത്ത വേര്‍പാടെന്ന് നടന്‍ അബു സലീം

മലയാള സിനിമയ്ക്കും കേരളക്കരയ്ക്കും മലയാളികളായ എല്ലാ പ്രേക്ഷകര്‍ക്കും ഈ വേര്‍പാട് ഒരു ദുഃഖമായി കിടക്കും. എഴുത്തിലും സിനിമയിലും അദേഹത്തിന്റെ തുറന്നുപറച്ചിലുകളും നിലപാടുകളും നിര്‍ഭയം അവതരിപ്പിക്കുന്ന വ്യക്തിയായിരുന്നു.

മുഖ്യമന്ത്രിയും മമ്മൂട്ടിയും ഉടൻ കണ്ടനാട്ടെ വീട്ടിൽ എത്തും

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൃതശരീരം കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ കണ്ടനാട്ടെ വീട്ടിൽ എത്തും. ഉച്ചയ്ക്ക് 12 മണിയോടെ നടൻ മമ്മൂട്ടിയും വീട്ടിലേക്ക് എത്തും. മോഹൻലാൽ എറണാകുളം ടൗൺ ഹാളിൽ എത്തും. സംസ്കാരം നാളെ കണ്ടനാട്ടെ വീട്ടിൽ രാവിലെ പത്ത് മണിയോടെ നടത്തും.

എന്നും മലയാളത്തിന്റെ അഭിമാനമാണ് പ്രിയപ്പെട്ട ശ്രീനിവാസൻ: വീണാ ജോർജ്

അഭിനയിച്ച കഥാപാത്രങ്ങളെയെല്ലാം അനശ്വരമാക്കിയ അതുല്യ കലാകാരന് ആദരാഞ്ജലികള്‍ എന്ന് മന്ത്രി വീണാ ജോർജും ഫേസ്ബുക്കിൽ കുറിച്ചു. എന്നും മലയാളത്തിന്റെ അഭിമാനമാണ് പ്രിയപ്പെട്ട ശ്രീനിവാസൻ. നടനും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വലുതാണ്. കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി വീണാ ജോർജ് കുറിച്ചു.

മർമമറിഞ്ഞ് നർമം പറയുന്ന ശ്രീനിവാസിന്റെ വേർപാട് തീരാ സങ്കടം: നിർമ്മൽ പാലാഴി

മർമമറിഞ്ഞ് നർമം പറയുന്ന ശ്രീനിവാസിന്റെ വേർപാട് തീരാ സങ്കടമെന്ന് നടൻ നിർമ്മൽ പാലാഴി അനുസ്മരിച്ചു. സാധാരണക്കാരൻ്റ ജീവിതവും തമാശയും ആനുകാലിക വിമർശനവും ഒരുപോലെ കൈകാര്യം ചെയ്ത ശ്രീനിവാസിന്റെ വേർപാട് തീരാ നഷ്ട്ടമെന്നും നിർമ്മൽ പാലാഴി പറഞ്ഞു.

ശ്രീനിവാസൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

ശ്രീനിക്ക് പകരം ശ്രീനി മാത്രം: വിനയൻ

ശ്രീനിവാസൻ എന്ന് പറഞ്ഞാൽ പകരക്കാരനില്ലാത്ത ഒരാളാണെന്ന് സംവിധായകൻ വിനയൻ. പെട്ടന്നുള്ള വേർപാട് പ്രതീക്ഷിച്ചില്ല. ശ്രീനിക്ക് പകരം ശ്രീനി മാത്രമാണെന്നും വിനയൻ.

"എത്ര കാലത്തിന് മുൻപേ നടന്നയാളാണ് ശ്രീനിവാസൻ"

ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എത്ര കാലത്തിന് മുൻപേ നടന്നയാളാണ് ശ്രീനിവാസൻ. സരസമായ ഭാഷയിലൂടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ വിളിച്ചു പറഞ്ഞ കലാകാരൻ. ശ്രീനിവാസന്റെ സിനിമയിലെ ഉദ്ധരണികൾ കഴിഞ്ഞ ദിവസവും സിപിഎമ്മിനെ വിമർശിക്കാൻ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാനിരിക്കുകയായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

ശ്രീനിവാസന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്.

സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്. പച്ച മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി.

ഒരിക്കൽ പോലും ചെറിയ നീരസം പോലും ഉണ്ടാകാത്ത സുഹൃത്തായിരുന്നു: മുകേഷ്

കൊച്ചി: 43 കൊല്ലത്തെ ദൃഡമായ സൗഹൃദമായിരുന്നു ശ്രീനിവാസനുമായെന്ന് മുകേഷ് എംഎൽഎ. വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിൻ്റേത്. ഒരിക്കൽ പോലും ചെറിയ നീരസം പോലും ഉണ്ടാകാത്ത സുഹൃത്തായിരുന്നുവെന്നും മുകേഷ്.

ഒരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായത്: എം.വി. ഗോവിന്ദൻ

ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ. അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോഴും മനസ് നിറയെ പുതിയ ലോകം രൂപപ്പെടണം എന്ന് ശ്രീനിവാസൻ ആഗ്രഹിച്ചു. അങ്ങനെയൊരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായത്. എത്ര ഗൗരവമുള്ള വിഷയവും സരസമായി അവതരിപ്പിച്ച അതുല്യ പ്രതിഭാശാലി. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള പ്രതിഭയായിരുന്നു അദ്ദേഹമെന്നും എം.വി. ഗോവിന്ദൻ

"പോകും എന്ന ഒരു തോന്നൽ ഉണ്ടായിരുന്നില്ല" ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ വിതുമ്പി സത്യൻ അന്തിക്കാട്

കൊച്ചി: ശ്രീനിവാസൻ്റെ വിയോ​ഗത്തിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഒന്നും പ്രതികരിക്കാൻ പറ്റാത്ത സാഹചര്യമാണ്. പോകും എന്ന ഒരു തോന്നൽ ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോൾ നേരിട്ട് സന്ദർശിക്കുമായിരുന്നു. കഴിഞ്ഞ ദിവസം കൂടി സംസാരിച്ചിരുന്നു.

പൊതുദർശനം ഉച്ചയ്ക്ക് ടൗൺ ഹാളിൽ നടക്കും

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസൻ്റെ പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും. തൃപ്പൂണിത്തുറ ആശുപത്രിയിൽ നിന്ന് കണ്ടനാട്ടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്‌ക്കാരം നാളെ നടക്കും.

മുഖ്യമന്ത്രി ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തും

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തും.

സൗഹൃദത്തിനപ്പുറമുള്ള ജീവബന്ധം- മോഹന്‍ലാല്‍

ശ്രീനിവാസനുമായി സൗഹൃദത്തിനപ്പുറമുള്ള ജീവിത ബന്ധമാണ് ഉണ്ടായിരുന്നത്. ശ്രീനിവാസന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ ഒപ്പം സഞ്ചരിക്കാനായെന്നും മോഹന്‍ലാല്‍

മോഹൻലാലും ശ്രീനിവാസനും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ നിന്നും
മോഹൻലാലും ശ്രീനിവാസനും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ നിന്നും

"ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന വ്യക്തികളില്‍ ഒരാൾ"

ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന വ്യക്തികളില്‍ ഒരാളാണ് ശ്രീനിവാസന്‍ എന്ന് സംവിധായകന്‍ കമല്‍. മലയാള സിനിമയില്‍ ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തി. അത്ഭുതപ്പെടുത്തുന്ന മനുഷ്യന്‍ എന്നും കമല്‍.

ശ്രീനിവാസന്റെ മരണം വെറുമൊരു നഷ്ടം മാത്രമല്ല, ഞങ്ങള്‍ക്കും സിനിമയ്ക്കും വ്യക്തിപരമായും വലിയ നഷ്ടമാണ്- നിസാര്‍ മാമുക്കോയ

നാലര ദശകത്തോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വത്തിന്റെ വേർപാട് സിനിമാലോകത്തിന് മാത്രമല്ല സാംസ്കാരിക കേരളത്തിന്റെ നഷ്ടം- വി.എൻ. വാസവൻ

മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസന്‍ അന്തരിച്ചു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവു തെളിയിച്ച വ്യക്തിയായിരുന്നു. ഇന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

News Malayalam 24x7
newsmalayalam.com