
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് നടന്‍ സുരേഷ് കൃഷ്ണ. ജോഷി ചിത്രം ക്രിസ്റ്റ്യന്‍ ബ്രദേഴ്സിലെ ജോര്‍ജുകുട്ടി അടക്കമുള്ള നടന്‍റെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മീമുകളും ട്രോള്‍ വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. 'ചീറ്റിങ് സ്റ്റാര്‍' എന്നൊരു പേരിലാണ് ഈ ട്രോളുകള്‍ ആദ്യം പ്രചരിച്ചിരുന്നതെങ്കില്‍ 'കണ്‍വിന്‍സിങ് സ്റ്റാര്‍' എന്നൊരു പേര് കൂടി സുരേഷ് കൃഷ്ണക്ക് ട്രോളന്മാര്‍ നല്‍കി കഴിഞ്ഞു. ശത്രുക്കളെ അതിവിദഗ്ധമായി സംസാരിച്ച് കണ്‍വിന്‍സ് ചെയ്ത് ചതിയില്‍പ്പെടുത്തുന്ന നടന്‍റെ കഥാപാത്രങ്ങളാണ് സുരേഷ് കൃഷ്ണയെ ട്രോളന്മാര്‍ക്കിടയില്‍ താരമാക്കിയത്.
സമാനമായ പല സന്ദര്‍ഭങ്ങളിലും സുരേഷ് കൃഷ്ണയുടെ ക്രിസ്റ്റ്യന്‍ ബ്രദേഴ്സിലെ വൈറലായ 'നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക് ഞാന്‍ വക്കീലുമായി വരാം' എന്ന ഡയലോഗ് ട്രോളന്മാര്‍ ഉപയോഗിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് പിന്നാലെ സുരേഷ് കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റും വൈറലായി കഴിഞ്ഞു.
'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ സിനിമാ ലോകത്തെ പ്രമുഖര്‍ കമന്‍റുമായെത്തി. 'ഒകെ ഞാൻ കൺവിൻസ് ആയി!' എന്ന ബേസില്‍ ജോസഫിന്‍റെ കമന്‍റാണ് കൂട്ടത്തില്‍ ഹിറ്റായത്.
ബേസില്‍ ജോസഫ് നായകനാകുന്ന മരണമാസ് എന്ന സിനിമയുടെ സെറ്റില്‍ നിന്ന് നടന്‍ സിജു സണ്ണിയും കൂട്ടരും പങ്കുവെച്ച മറ്റൊരു വീഡിയോയും വൈറലായി കഴിഞ്ഞു. സുരേഷ് കൃഷ്ണയെ 'കൺവിൻസ്' ചെയ്യുന്ന സിജുവും കൂട്ടരുമാണ് വീഡിയോയിൽ ഉള്ളത്.
'V ഫോര്‍ വഞ്ചന' ക്യാപ്ഷനുമായി സുരേഷ് കൃഷ്ണക്കൊപ്പം മറ്റൊരു ഫോട്ടോയും സിജു സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.