
ഇന്നലെ വരെ ജൂണ്‍ 22 സിനിമ താരം വിജയ്‌യുടെ ജന്മദിനമായിരുന്നു. ഇനി അങ്ങോട്ട് വിജയ് എന്ന രാഷ്ട്രീയക്കാരന്‍റെ കൂടി ജന്മദിനമാണ്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി വെന്നിക്കൊടി പാറിച്ച എംജിആറിന്‍റെയും ജയലളിതയുടെയും വിജയകാന്തിന്‍റെയും പിന്മുറക്കാരന്‍ ഒരുങ്ങുകയാണ് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ദളപതി വിജയ്. അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രി എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം. തുടര്‍ന്ന് 1992 ല്‍ പതിനെട്ടാം വയസില്‍ 'നാളൈയ തീര്‍പ്പ്' എന്ന ചിത്രത്തിലൂടെ നായകനായി. ഹീറോ ആയ ആദ്യ സിനിമയ്ക്ക് തന്നെ വിജയ് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ വളരെ വലുതായിരുന്നു. നായകന് ചേരുന്ന രൂപമല്ല വിജയ്‌ക്കെന്നും അച്ഛന്‍ സംവിധായകന്‍ ആയതുകൊണ്ട് മാത്രമാണ് ഹീറോ ആയതെന്നും സിനിമ മാധ്യമങ്ങള്‍ വിജയ്ക്ക് എതിരെ എഴുതി.
തോറ്റ് മടങ്ങാന്‍ വിജയ് തയാറായിരുന്നില്ല. വിജയം ലഭിക്കും വരെ പരിശ്രമിച്ചുകൊണ്ടേയിരുന്നു. റൊമാന്‍റിക് ഹീറോ ലേബലില്‍ വിജയ് ചിത്രങ്ങള്‍ ഒന്നൊന്നായി വിജയിച്ചു. പൂവെ ഉനക്കാഗെ, ലവ് ടുഡേ, കാതലുക്ക് മരിയാദൈ, തുള്ളാത മനവും തുള്ളും, ഖുശി എന്നിങ്ങനെ തുടര്‍ ഹിറ്റുകള്‍ സമ്മാനിച്ചു. പ്രണയ നായകനായി മാത്രം ഒരുങ്ങാന്‍ വിജയ് ഒരുക്കമായിരുന്നില്ല. രജനിയും വിജയകാന്തുമൊക്കെ വിജയം തീര്‍ത്ത മാസ് ആക്ഷന്‍ ചിത്രങ്ങളിലും വിജയ് കൈവെച്ചു തുടങ്ങി. തിരുമലൈ, തിരുപ്പാച്ചി, ശിവകാശി, മധുരൈ, ഭഗവതി എന്നിങ്ങനെ സ്ഥിരം പാറ്റേണിലായി വിജയ് സിനിമകള്‍.
എന്നാല്‍ 2003ല്‍ ഇറങ്ങിയ ഗില്ലി മുതല്‍ വിജയ്‌യുടെ കരിയറിന്‍റെ ഗതിമാറി. ധരണിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രം തമിഴ് ബോക്സോഫീസില്‍ 50 കോടി കളക്ഷന്‍ നേടിയ ആദ്യ ചിത്രമായി. രജനിക്കും കമലിന് പോലും കിട്ടാതിരുന്ന ഈ റെക്കോര്‍ഡ് വിജയ്ക്ക് താരസിംഹാസനത്തിലേക്കുള്ള വഴി തുറന്ന് നല്‍കി. പിന്നാലെ എത്തിയ പോക്കിരിയും വിജയം ആവര്‍ത്തിച്ചു. പക്ഷെ അഴകിയ തമിഴ് മകന്‍,കുരുവി, വെട്ടൈക്കാരന്‍, വില്ല് തുടങ്ങിയ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയതോടെ വിജയുടെ കരിയര്‍ ചോദ്യ ചിഹ്നമായി. അന്‍പതാം ചിത്രമായ സുറയും പരാജയപ്പെട്ടതോടെ വിജയ്‌യുടെ പതനമായെന്ന് മാധ്യമങ്ങളും പ്രേക്ഷകരും വിധിയെഴുതി.
2011- ല്‍ സിദ്ദിഖ് ചിത്രം കാവലനിലൂടെ വിജയ് വീണ്ടും ഹിറ്റ് ചാര്‍ട്ടിലേക്ക് മടങ്ങിയെത്തി. പിന്നാലെ എത്തിയ വേലായുധം വിജയ്ക്ക് രക്ഷകന്‍ എന്നൊരു ഇമേജ് കൂടി സമ്മാനിച്ചു. പിന്നീട് കണ്ടത് ബോക്സ് ഓഫീസ് വിജയങ്ങളുടെ ഘോഷയാത്രയായിരുന്നു. നന്‍പന്‍, തുപ്പാക്കി, തലൈവ, ജില്ല, കത്തി, തെരി, ഭൈരവ, മെര്‍സല്‍, ബിഗില്‍, സര്‍ക്കാര്‍, മാസ്റ്റര്‍ തുടങ്ങി ഒടുവിലെത്തിയ ലിയോ വരെ നീളന്നു വിജയ്‌യുടെ ബോക്സ് ഓഫീസ് വിജയങ്ങള്‍.
തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചത് ഈയടുത്ത് ആണെങ്കിലും സിനിമകളിലൂടെ വിജയ് തന്റെ രാഷ്ട്രീയ പ്രവർത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കത്തിയിൽ കോളാ കമ്പനികളെ എതിർത്തതും മെർസലിൽ ജി എസ് ടിയെ വിമർശിച്ചതും സർക്കാരിൽ വോട്ട് കച്ചവടത്തെ തുറന്നു കാട്ടിയതും തമിഴകത്ത് ഉണ്ടാക്കിയ കോലാഹലങ്ങൾ ചെറുതല്ല. തമിഴന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ വിജയ് തന്റെ രാഷ്ട്രീയം സിനിമകളിലൂടെ പറഞ്ഞുകൊണ്ടിരുന്നു. ജെല്ലിക്കെട്ട് പോരാട്ടത്തിൽ പങ്കെടുത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതും തൂത്തുകുടി വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ പാതിരാത്രി ആരുമറിയാതെ ഒരു ബൈക്കിൽ കടന്നുവന്നതും രാഷ്ട്രീയമാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ഒരു സൈക്കിളുമെടുത്ത് വിജയ് വോട്ട് ചെയ്യാൻ ഇറങ്ങിയപ്പോൾ ഉണ്ടായ അലയൊലികൾ ദേശീയ മാധ്യമങ്ങളില്‍ അടക്കം നിറഞ്ഞുനിന്നു.
10 12 ക്ലാസ് പരീക്ഷകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിജയ് നേരിട്ട് ആദരിച്ചതും ഏറ്റവും തിരുനെൽവേലിയിലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ചതും ഏറ്റവും ഒടുവിലായി കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ ഇരകളായി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചത് വരെ എത്തി നിൽക്കുന്നു വിജയ് എന്ന നടനിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള പരിണാമം. വിജയ് സിനിമകൾ ഇല്ലാത്ത തമിഴ്നാട് ബോക്സ് ഓഫീസിന്റെ ഭാവി വരും വർഷങ്ങളിൽ കണ്ടറിയാം. റീ റിലീസ് ചെയ്തപ്പോൾ പോലും വിജയ് സിനിമകൾ കാണാൻ തീയറ്ററുകളിലേക്ക് ഓടിക്കൂടിയ ജനക്കൂട്ടം തന്നെയാണ് ഇതിന് കാരണം . തമിഴിൽ ദളപതി എന്നാൽ പടത്തലവൻ, നേതാവ് എന്നൊക്കെയാണ് അർത്ഥം.. വെള്ളത്തിരയിൽ രക്ഷകനായി പലവട്ടം അവതരിച്ച വിജയ് ഇനി രാഷ്ട്രീയത്തിൽ സൃഷ്ട്ടിക്കാൻ പോകുന്ന അത്ഭുതങ്ങൾക്കായി 2026 തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം.