
തമിഴ് നടന്‍ വിജയുടെ അവസാന ചിത്രമായ ദളപതി 69-ന്‍റെ പൂജ ഇന്ന് ചെന്നൈയില്‍ നടന്നു. സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയുടെ അവസാന സിനിമ എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമ ലോകം ഈ പ്രൊജക്ടിനെ കാണുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍ , നരേന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. അനല്‍ അരസ് ആക്ഷന്‍ കൊറിയോഗ്രാഫിയും സെല്‍വകുമാര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. പ്രദീപ് ഇ രാഘവ് ആണ് എഡിറ്റര്‍. കോസ്റ്റ്യൂം ഡിസൈനറായി പല്ലവിയും പബ്ലിസിറ്റി ഡിസൈനറായി ഗോപി പ്രസന്നയും ചിത്രത്തിന്‍റെ ഭാഗമാണ്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വെങ്കട് കെ നാരായണയാണ് ദളപതി 69 നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.