ജനാധിപത്യ വഴിയില്‍ 'അമ്മ'; സംഘടനയില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് വരുമോ?

കോലാഹലങ്ങള്‍ക്കൊടുവില്‍ ഇന്ന് അമ്മ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. മോഹന്‍ലാല്‍ അടക്കമുള്ള അംഗങ്ങള്‍ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് രേഖപ്പെടുത്തി.
അമ്മ തെരഞ്ഞെടുപ്പിന് എത്തിയ താരങ്ങൾ
അമ്മ തെരഞ്ഞെടുപ്പിന് എത്തിയ താരങ്ങൾ NEWS MALAYALAM 24x7
Published on

"സേവനത്തിന്റെയും പിന്തുണയുടെയും പൈതൃകം", എന്നാണ് താരസംഘടനയായ അമ്മയെ അംഗങ്ങള്‍ വിശേഷിപ്പിക്കുന്നത്. 1994ല്‍ ആരംഭിച്ച സംഘടനയില്‍ ഇന്ന് 12ാമത്തെ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. പല കാരണങ്ങളാലും ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്. ചരിത്രത്തില്‍ ആദ്യമായി സംഘടനയില്‍ ഒരു സ്ത്രീ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പാണിത്. അതുപോലെ തന്നെ ജനാധിപത്യപരമായൊരു തെരഞ്ഞെടുപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയില്‍ നടക്കുന്നത്. സംഘടനയിലെ അംഗങ്ങളെല്ലാം തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തി പറഞ്ഞത്, "നല്ല ഭരണസമിതി വരുമെന്ന പ്രതീക്ഷയുണ്ടെന്നാണ്". സംഘടനയിലെ അംഗങ്ങളെ പോലെ തന്നെ മലയാള സിനിമാ മേഖല മുഴുവനും ഈ തെരഞ്ഞെടുപ്പിനെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.

1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹോളിലാണ് മുതിര്‍ നടനായിരുന്ന തിക്കുറുശി സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ 'അമ്മ' എന്ന അഭിനേതാക്കളുടെ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്. സംഘടനയുടെ ആദ്യ ഔദ്യോഗിക യോഗത്തില്‍ ഏകദേശം 80 അഭിനേതാക്കള്‍ പങ്കെടുത്തിരുന്നു. ഇന്ന് 506 അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത് അതില്‍ 250 പേരും സ്ത്രീകളാണ്. നടന്മാരായ എം.ജി. സോമന്‍, ടി.പി. മാധവന്‍ എന്നിവര്‍ സംഘടനയുടെ ആദ്യ പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ടവര്‍ മൂന്ന് വര്‍ഷമാണ് സംഘടനയെ നയിക്കുക. അതിന് ശേഷം വീണ്ടും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായുള്ള തെരഞ്ഞെടുപ്പ് നടക്കും.

നടന്‍ സോമന് ശേഷം മധുവായിരുന്നു അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2000-ല്‍ നടന്‍ ഇന്നസെന്റ് ആ സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതോടെ അമ്മയില്‍ പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിട്ടില്ല. 2018 വരെ ഇന്നസെന്റ് സംഘടനാ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോഴും ഇന്നസെന്റ് ആയിരുന്നു അമ്മ പ്രസിഡന്റ്. സംഭവത്തിന് ശേഷം കൊച്ചിയിലെ ദര്‍ബാര്‍ ഹോളില്‍ നടിക്ക് പിന്തുണ അറിയിച്ച് താരങ്ങളുടെ യോഗം നടന്നതിന് പിന്നാലെ നടന്‍ ദിലീപ് കേസില്‍ കുറ്റാരോപിതനായപ്പോള്‍ ഇന്നസെന്റ് പ്രസിഡന്റായ സംഘടന ദിലീപിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

അതോടൊപ്പം തന്നെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഇന്നസെന്റ് നടത്തിയ പരാമര്‍ശവും വിവാദങ്ങള്‍ക്ക് കാരണമായി. "മലയാള സിനിമാ വ്യവസായം ഇപ്പോള്‍ ശുദ്ധമാണ്. കാസ്റ്റിംഗ് കൗച്ച് എന്നൊന്ന് ഇന്‍ഡസ്ട്രിയില്‍ ഇല്ല. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ സ്ത്രീകളോട് മോശം രീതിയില്‍ പെരുമാറിയാല്‍ അത് അപ്പോള്‍ തന്നെ മാധ്യമങ്ങള്‍ അറിയും. പക്ഷെ സ്ത്രീ മോശമാണെങ്കില്‍ അവര്‍ ചിലപ്പോള്‍ പോയേക്കാം", എന്നാണ് ഇന്നസെന്റ് മാധ്യമങ്ങളോടായി പറഞ്ഞത്. വിവാദങ്ങള്‍ ഒന്നൊഴിയാതെ അമ്മ സംഘടനയെ പിന്തുടര്‍ന്നതും ലോക്‌സഭ അംഗമായുള്ള പ്രവര്‍ത്തനങ്ങള്‍ കാരണവും 2018ല്‍ വീണ്ടും പ്രസിഡന്റായി ഇന്നസെന്റ് സ്ഥാനമേറ്റില്ല. 2018ല്‍ നടന്‍ മോഹന്‍ലാല്‍ താരങ്ങളുടെ ആശിര്‍വാദത്തോടെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം 2024 വരെ മോഹന്‍ലാല്‍ തന്നെയായിരുന്നു അമ്മ പ്രസിഡന്റ്. ആരും മോഹന്‍ലാലിനെതിരെ മത്സരിക്കാനും തയ്യാറായിരുന്നില്ല. അദ്ദേഹം തന്നെ തുടരുമെന്നത് സംഘടനാ തീരുമാനമായിരുന്നു.

അമ്മ തെരഞ്ഞെടുപ്പിന് എത്തിയ താരങ്ങൾ
'അമ്മ' തെരഞ്ഞെടുപ്പ്; ആരും സംഘടന വിട്ട് പോകുന്നില്ല, നല്ല ഭരണ സമിതി വരുമെന്ന് പ്രതീക്ഷ: മോഹന്‍ലാല്‍

എന്നാല്‍ 2024 ഓഗസ്റ്റില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദീഖിനെതിരെ നടി രേവതി സമ്പത്ത് ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തി. അതിന് പിന്നാലെ ജോയിന്റ് സെക്രട്ടറിയായിരുന്ന ബാബുരാജിനെതിരെയും ലൈംഗിക ആരോപണം വന്നു. ഭരണസമിതിക്കുള്ളില്‍ ഈ വിഷയത്തില്‍ ആദ്യമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ വരുകയായിരുന്നു. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചു. മോഹന്‍ലാലിന്റെ രാജിക്ക് പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കൂട്ടരാജി സമര്‍പ്പിച്ചു. നേതൃത്വത്തിലുള്ളവര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെ ധാര്‍മികതയുടെ പേരില്‍ കമ്മിറ്റി രാജി വെക്കണമെന്ന അഭിപ്രായം ഉണ്ടാകുകയും അതിനോട് മോഹന്‍ലാല്‍ യോജിക്കുകയും ചെയ്തു. തുടര്‍ന്ന് താല്‍കാലികമായി അഡ്‌ഹോക് കമ്മിറ്റിയായി തുടരാനുള്ള തീരുമാനം ഉണ്ടാവുകയും ചെയ്തു.

ഇത്രയേറെ വിവാദങ്ങള്‍ക്കൊടുവിലാണ് അമ്മയില്‍ വീണ്ടും തെരഞ്ഞെടുപ്പ് സംഭവിച്ചത്. സ്ത്രീകള്‍ സംഘടനാ തലപ്പത്തേക്ക് വരുന്ന ആദ്യ തെരഞ്ഞെടുപ്പാണിത് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ എതിരാളികളില്ലാതെ അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരുന്നതിനെ പിന്തുണച്ച് നടന്‍ ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക പിന്‍വലിച്ചതോടെ ശ്വേത മേനോനും ദേവനും തമ്മിലായി മത്സരം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരരംഗത്തുണ്ട്. ട്രഷറര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലുമാണ് മത്സരിക്കുന്നത്. 11 അംഗ എക്‌സിക്യൂട്ടീവിലേക്ക് 13 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 4 സീറ്റ് വനിതാ സംവരണം ആണ്.

സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇത്തവണ അമ്മയില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും മത്സരിക്കുന്ന സ്ത്രീകള്‍ക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണങ്ങള്‍. കുക്കു പരമേശ്വരനെതിരെ സംഘടനയിലെ സ്ത്രീകള്‍ തന്നെയായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. 'അമ്മ'യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. നടി പൊന്നമ്മ ബാബുവാണ് ആരോപണം ഉന്നയിച്ചത്. അതിന് പിന്നാലെ ഉഷ ഹസീന അടക്കമുള്ള സംഘടനയിലെ ഒരു വിഭാഗം സ്ത്രീകള്‍ ഇത് ഏറ്റെടുത്തു. കുക്കു പരമേശ്വരനെതിരെ സംഘടനയിലെ സ്ത്രീകള്‍ തന്നെ പരാതി നല്‍കാനും തീരുമാനിച്ചിരുന്നു. വിവാദത്തില്‍ യൂട്യൂബ് ചാനലുകളിലൂടെ തന്നെ അധിക്ഷേപിക്കുകയും ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടി കുക്കു പരമേശ്വരന്‍ പരാതിയും നല്‍കിയിരുന്നു.

കുക്കുവിനെതിരെ സംഘടനയ്ക്കുള്ളിലാണ് പ്രശ്‌നം ഉയര്‍ന്നു വന്നതെങ്കില്‍ ശ്വേത മേനോനെതിരെ ആരോപണം വന്നത് പുറത്തുനിന്നാണ്. ശ്വേതയ്‌ക്കെതിരെ മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തി നല്‍കിയ വിചിത്ര പരാതി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്ന് പിതിറ്റാണ്ടുകള്‍ക്ക്് മുന്നെ ശ്വേത അഭിനയിച്ച പരസ്യ ചിത്രവും സെന്‍സര്‍ ചെയ്യപ്പെട്ട ശ്വേതയുടെ ചില ചിത്രങ്ങളുമാണ് ആരോപണങ്ങള്‍ക്ക് കാരണമായത്. അശ്ശീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിക്കെതിരെയുള്ള പരാതി. ഇതില്‍ ശ്വേത മേനോന്റെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലടക്കമുണ്ടെന്ന പരാമര്‍ശവും ഉണ്ടായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ ശ്വേത മേനോനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് ശ്വേത മേനോനെതിരെയുള്ള എഫ്‌ഐആര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനും ശ്വേത തീരുമാനിച്ചിരുന്നു.

ഇത്രയേറെ കോലാഹലങ്ങള്‍ക്കൊടുവില്‍ ഇന്ന് അമ്മ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. മോഹന്‍ലാല്‍ അടക്കമുള്ള അംഗങ്ങള്‍ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യപരമായ രീതിയില്‍ സംഘടനയില്‍ തെരഞ്ഞെടുപ്പ് നടന്നു എന്നത് ശ്രദ്ധേയമാണ്. ഇനി ആരാകും അമ്മയുടെ പ്രസിഡന്റ് എന്നത് മലയാള സിനിമ മേഖല ആകാംഷയോടെ കാത്തിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി അമ്മ പ്രസിഡന്റ് ഒരു സ്ത്രീയാകുമോ? അതിലൂടെ സംഘടനയില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ സംഭവിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ഇനി കുറച്ച് സമയം കൂടി കാത്തിരുന്നാല്‍ മതിയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com