സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി 'പ്രളയ ശേഷം ഒരു ജലകന്യക' കാണാതെ പോയതാണെങ്കിൽ എനിക്കുണ്ടായത് വലിയ നഷ്ടമാണ്: ആശ അരവിന്ദ്

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ആണ് 'പ്രളയ ശേഷം ഒരു ജലകന്യക' നിർമിച്ചത്
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർപേഴ്‌സണ്‍ പ്രകാശ് രാജ്, 'പ്രളയ ശേഷം ഒരു ജലകന്യക' പോസ്റ്റർ
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർപേഴ്‌സണ്‍ പ്രകാശ് രാജ്, 'പ്രളയ ശേഷം ഒരു ജലകന്യക' പോസ്റ്റർ
Published on

കൊച്ചി: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും വിമർശനങ്ങള്‍ അവസാനിക്കുന്നില്ല. നടി ആശ അരവിന്ദ് ആണിപ്പോള്‍ പുരസ്കാര പ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. 2024ൽ ഒരു സ്ത്രീപക്ഷ സിനിമ പോലും ഉണ്ടായിരുന്നില്ല എന്ന ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടുവെന്നും താന്‍ അഭിനയിച്ച 'പ്രളയ ശേഷം ഒരു ജലകന്യക' എന്ന സിനിമ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി കാണാതെ പോയതാണെങ്കിൽ തനിക്കുണ്ടായത് ഒരു വലിയ നഷ്ടമാണെന്ന് കരുതുന്നതായും ആശ അരവിന്ദ് ഫേസ്ബുക്കിൽ കുറിച്ചു.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ആണ് 'പ്രളയ ശേഷം ഒരു ജലകന്യക' നിർമിച്ചത്. മനോജ് കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും. ആശ അരവിന്ദ്, ഗോകുലൻ എം എസ്, രഞ്ജിത്ത് ലളിതം, അനഘ മരിയ വർഗ്ഗീസ്, ഗ്ലോറിയ ഷാജി, അർജുൻ അമ്പാട്ട്, പ്രിയ, കരുണ, ശൈബിൻ കെ പി, ആനി ജോർജ്, വിനോദ് കുമാർ സി എസ്, തകഴി രാജശേഖരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർപേഴ്‌സണ്‍ പ്രകാശ് രാജ്, 'പ്രളയ ശേഷം ഒരു ജലകന്യക' പോസ്റ്റർ
"ഞാനാണ് ഫെമിനിച്ചി ഫാത്തിമ"; മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഷംല ഹംസ

അതേസമയം, മികച്ച കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാർഡ് നൽകാതിരുന്നതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കുട്ടികള്‍ക്കായുള്ള നല്ല സിനിമകളില്ല എന്നായിരുന്നു ജൂറി ചെയര്‍മാനായ പ്രകാശ് രാജിന്റെ വിശദീകരണം. പിന്നാലെ ജൂറി ചെയര്‍മാന്റെ നിലപാടിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർപേഴ്‌സണ്‍ പ്രകാശ് രാജ്, 'പ്രളയ ശേഷം ഒരു ജലകന്യക' പോസ്റ്റർ
"എന്റെ ഫെമിനിസം ഈ സിനിമയാണ്"; മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഫാസിൽ മുഹമ്മദ്

ആശ അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ആശ അരവിന്ദ്.

സിനിമയിൽ ചെറിയ കുറച്ച് നല്ല വേഷങ്ങൾ ചെയ്തു വരുന്ന നടിയാണ്. ഞാൻ ആദ്യമായി ഒരു പ്രധാന കഥാപാത്രം ചെയ്ത സിനിമയാണ് ' പ്രളയ ശേഷം ഒരു ജലകന്യക'

ഞാൻ എനിക്കുണ്ടായ ഒരു വലിയ നഷ്ടം പങ്കുവെക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. കഴിഞ്ഞദിവസം അനൗൺസ് ചെയ്ത സംസ്ഥാന ചലച്ചിത്ര അവാർഡിൻ്റെ പത്രസമ്മേളനത്തിൽ ജൂറി തലവൻ പറഞ്ഞ ഒരു പ്രസ്താവന കേട്ടു. 2024 ഒരു സ്ത്രീപക്ഷ സിനിമ പോലും ഉണ്ടായിരുന്നില്ല എന്ന്. അത് 'പ്രളയ ശേഷം ഒരു ജലകന്യക ' എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഒരു സ്ത്രീ എന്ന നിലയ്ക്ക് എനിക്ക് വലിയ വിഷമം ഉണ്ടാക്കി.ആ കഥാപാത്രത്തിന്റെ വലിപ്പവും വ്യാപ്തിയും മനസ്സിലാക്കി തന്നെയാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കാൻ തയ്യാറായത് .അത് എന്നാൽ കഴിയുന്ന വിധം നന്നായി ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് സിനിമ കണ്ടവർ അഭിപ്രായം പറയുക കൂടി ചെയ്തപ്പോൾ എനിക്കും ഒരു പാട് സന്തോഷം തോന്നിയതാണ്. അത് എൻറെ അഭിനയം കൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച് ആ ശക്തമായ സ്ത്രീ കഥാപാത്രം സഞ്ചരിച്ചിരുന്ന ജീവിത മുഹൂർത്തങ്ങൾ കൊണ്ട് കൂടിയാണ്. അത്രയ്ക്കും വ്യത്യസ്തവും ശക്തവുമായിരുന്നു ആ കഥാപാത്രം. എന്നെക്കാൾ പത്തു മുപ്പത് വയസ്സ് പ്രായക്കൂടുതലുള്ള ആ കഥാപാത്രം ചെയ്യുമ്പോൾ ഞാനും അറിയാതെ ആ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളിലേക്ക് വീണു പോകാറുണ്ടായിരുന്നു. അത്രക്കും മനോഹരമായാണ് ആ കഥാപാത്രത്തെ സംവിധായകൻ പോർട്രൈറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടായിരിക്കുമല്ലോ തൃശൂർ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള അവാർഡുകളിൽ ഒന്ന് കരസ്ഥമാക്കാൻ ആ ചിത്രത്തിന് സാധിച്ചത്. എന്നാൽ 'പ്രളയശേഷം ഒരു ജലകന്യക ' എന്ന സിനിമ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി കാണാതെ പോയതാണെങ്കിൽ എനിക്കുണ്ടായത് ഒരു വലിയ നഷ്ടമാണെന്ന് ഞാൻ കരുതുന്നു.കാരണം അത്തരം സ്ത്രീ പക്ഷ കഥാപാത്രങ്ങൾ ഉണ്ടാകുന്നതും ഒരു നടിക്ക് അത് അഭിനയിക്കാൻ കഴിയുന്നതും സിനിമയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com