
മലയാളത്തിന് പുറമെയുള്ള ഭാഷകളില്‍ അഭിനയിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി നടി ദര്‍ശന രാജേന്ദ്രന്‍. മായാനദി, വൈറസ്, ഹൃദയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ ദര്‍ശനയുടെ പാരഡൈസ് എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്തത്. തന്നിലെ അഭിനേതാവിന് പുതിയ അവസരങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ദര്‍ശന ഇന്ത്യ ടുഡേയോട് പറഞ്ഞു. 'ഹിന്ദിയില്‍ ഞാന്‍ കുറച്ച് സ്ക്രീപ്റ്റുകള്‍ കേട്ടിട്ടുണ്ട്. ഞാനായിട്ട് തിരക്കഥകള്‍ തേടി പോകുന്നില്ല, എന്നിലേക്ക് വരുന്ന അവസരങ്ങള്‍ പരിഗണിക്കുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാനത് ചെയ്യും. അങ്ങനെ ചിലത് ഇപ്പോള്‍ വന്നിട്ടുണ്ട്, ഒന്നും ഒഫീഷ്യലായി ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല ഇപ്പോഴും സ്ക്രിപ്റ്റ് വായിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട് '- ദര്‍ശന പറഞ്ഞു.
തനിക്ക് സംസാരിക്കാൻ കഴിയുന്ന ഏത് ഭാഷയിലും അഭിനയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹിന്ദിയും തമിഴും സംസാരിക്കാന്‍ കഴിയും. കുറച്ച് തെലുങ്കും സംസാരിക്കാൻ പഠിച്ചു. അതുകൊണ്ട് ഇതൊക്കെയാണ് എനിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഭാഷകൾ. ഭാവിയിൽ കൂടുതൽ വേഷങ്ങള്‍ ഈ ഭാഷകളില്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദര്‍ശന പറഞ്ഞു. "ഒരു അഭിനേതാവ് ചെയ്യേണ്ടതെന്തും, എനിക്കും ചെയ്യാൻ കഴിയും. അതായത്, ആളുകൾ എനിക്ക് എന്ത് ചെയ്യാന്‍ കഴിയില്ല, എന്ത് ചേരില്ല എന്നൊക്കെ കരുതുന്നോ അത് ചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്"- ദര്‍ശന പറഞ്ഞു.