
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി ഓവിയ. സമൂഹ മാധ്യമങ്ങളില്‍ വിജയ്‌യുടെ അറസ്റ്റ് ആവശ്യപ്പെട്ട് കാംപെയ്‌ന്‍ നടക്കുന്നുണ്ട്. #arrestvijay എന്ന ഹാഷ്ടാഗിലാണ് ഇത്തരം പ്രചാരണം.
ഇന്‍സ്റ്റഗ്രാമില്‍ അറസ്റ്റ് വിജയ് എന്ന് കുറിച്ച പോസ്റ്റ് പങ്കുവച്ചാണ് ഓവിയ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം നടി ഈ സ്റ്റോറി പിന്‍വലിച്ചു. "ജീവിതം ജ്ഞാനികള്‍ക്ക് സ്വപ്നവും വിഡ്ഢികള്‍ക്ക് കളിയും ധനികർക്ക് തമാശയും പാവങ്ങള്‍ക്ക് ദുരന്തവുമാണ്," എന്ന് എഴുതിയ ഒരു ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
വിജയ്‌ക്ക് എതിരെ പോസ്റ്റ് ഇട്ടതിന് പിന്നാലെ ടിവികെ പ്രവർത്തകരുടെയും ആരാധകരുടെയും ഭാഗത്ത് നിന്ന് വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ഓവിയ നേരിടുന്നത്. അസഭ്യ വർഷം നിറഞ്ഞ കമന്റുകള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
കരൂരില്‍ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയ പ്രചരണ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് സംസ്ഥാന നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, വിജയ്‌ക്കെതിരെ കേസെടുക്കുന്നതിൽ അന്വേഷണ റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനത്തിലെത്തുക. ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ ദുരന്തബാധിതർക്ക് ധനസഹായം നൽകുമെന്ന് ടിവികെ അധ്യക്ഷൻ വിജയ്‌യും അറിയിച്ചു.