ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചിട്ടില്ല; 'ലിവര്‍ ഡോക്ടറു'ടെ വിമര്‍ശനത്തില്‍ സമാന്ത

വൈറല്‍ അണുബാധകളെ ചികിത്സിക്കാന്‍ ഹൈഡ്രൈജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന സമാന്തയുടെ വാദത്തിനെതിരെ ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു
സമാന്ത, ഡോ. സിറിയക് എബി ഫിലിപ്സ്
സമാന്ത, ഡോ. സിറിയക് എബി ഫിലിപ്സ്
Published on

സമൂഹമാധ്യമങ്ങളില്‍ ലിവര്‍ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സിന്‍റെ വിമര്‍ശനത്തോട് പ്രതികരിച്ച് നടി സമാന്ത. വൈറല്‍ അണുബാധകളെ ചികിത്സിക്കാന്‍ ഹൈഡ്രൈജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന സമാന്തയുടെ വാദത്തിനെതിരെ ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. സമാന്തയുടെ വാദം തീര്‍ത്തും അപകടകരവും അശാസ്ത്രീയവുമായ രീതിയാണെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ആരോഗ്യശാസ്ത്രത്തില്‍ സമാന്ത നിരക്ഷരയാണെന്നും സയന്‍റിഫിക് സൊസൈറ്റിയും അമേരക്കന്‍ ആസ്മ അലര്‍ജി ഫൗണ്ടേഷനും ഹൈഡ്രൈജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്ന രീതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡോ. സിറിയക് എബി ഫിലിപ്സ് വ്യക്തമാക്കി.

പൊതുജനാരോ​ഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാർത്തി സാമന്തയ്ക്കെതിരെ പിഴചുമത്തുകയോ, ജയിലിലടക്കുകയോ ചെയ്യണമെന്ന് അദ്ദേഹം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മറുപടിയുമായി സമാന്ത രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ​ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവെച്ചതെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സമാന്തയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ നിന്ന് 

കഴിഞ്ഞ കുറച്ചുവർഷങ്ങളായി പലതരം മരുന്നുകൾ സ്വീകരിക്കേണ്ടി വന്നിരുന്നു. എന്നോട് കർശനമായും നിർദേശിച്ചിരുന്ന എല്ലാകാര്യങ്ങളും പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചികിത്സകളിലേറെയും വളരെ ചെലവേറിയതായിരുന്നു. എനിക്ക് ഈ ചിലവുകൾ വഹിക്കാനുള്ള പ്രാപ്തിയുണ്ടല്ലോ എന്നു ചിന്തിക്കുന്നതിനൊപ്പം അതിനു കഴിയാത്തവരേക്കുറിച്ചും ആലോചിക്കാറുണ്ടായിരുന്നു. എന്നാൽ കുറേകാലം, പരമ്പരാ​ഗത ചികിത്സാരീതികൾ എനിക്ക് ​ഗുണംചെയ്തില്ല. അത് ഞാനായതുകൊണ്ടുമാത്രമായിരിക്കാമെന്നും മറ്റുള്ളവർക്ക് നന്നായി ഫലംചെയ്യുമെന്ന് അറിയാം. 

സമാന്തര ചികിത്സാരീതികളേക്കുറിച്ചും തെറാപ്പികളേക്കുറിച്ചും അങ്ങനെയാണ് വായിക്കുന്നത്. പരീക്ഷണങ്ങൾക്കും പരാജയങ്ങൾക്കുമൊടുവിൽ എനിക്ക് അത്ഭുതകരമായി ഫലംചെയ്ത ചികിത്സകളും കണ്ടെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ കാണുകയും പഠിക്കുകയും ചെയ്ത കാര്യങ്ങൾ നല്ല ഉദ്ദേശത്തോടെയാണ് നിർദേശിച്ചത്. പ്രത്യേകിച്ച് പല ചികിത്സാരീതികളും സാമ്പത്തികമായി പലർക്കും താങ്ങാനാകാത്തതാണ്.

വിദ്യാസമ്പന്നരായ ഡോക്ടർമാരെ തന്നെയാണ് ഒടുവിൽ നമ്മള്‍ ആശ്രയിക്കുന്നത്. ഈ ചികിത്സാരീതി എനിക്ക് നിർദേശിച്ചത് എം.ഡി.യെടുത്ത 25 വർഷത്തോളം ഡി.ആർ.ഡി.ഒ.യിൽ സേവനം അനുഷ്ഠിച്ച ഉയർന്ന വിദ്യാഭ്യാസമുള്ള ഡോക്ടർ തന്നെയാണ്. പരമ്പരാ​ഗത ചികിത്സാരീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം സമാന്തര ചികിത്സാരീതിക്ക് വേണ്ടി വാദിക്കുകയായിരുന്നു.

എന്‍റെ പോസ്റ്റിനെ ഡോ. സിറിയക് എബി ഫിലിപ്സ് രൂക്ഷമായ വാക്കുകളോടെ ആക്രമിക്കുകയായിരുന്നു. എന്നേക്കാൾ കൂടുതൽ അദ്ദേഹത്തിന് അറിയും എന്നതിൽ സംശയമൊന്നുമില്ല. അദ്ദേഹത്തിന്‍റെ ഉദ്ദേശം ഉദാത്തമാണെന്നതിലും ഉറപ്പുണ്ട്. എന്നെ ജയിലിൽ അടക്കണം എന്നതുപോലുള്ള പ്രകോപനപരമായി വാക്കുകൾ വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തോട് അനുകമ്പ തോന്നുമായിരുന്നു. ഞാനൊരു സെലിബ്രിറ്റി എന്ന രീതിയിലല്ല പോസ്റ്റ് പങ്കുവെച്ചത്, മറിച്ച് ചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയ്ക്കാണ്. അതിനുവേണ്ടി ആരിൽ നിന്നും പണംവാങ്ങുകയോ എന്തിനെങ്കിലും വേണ്ടി വാദിക്കുകയോ ചെയ്യുന്നില്ല. വലിയ സാമ്പത്തിക ചെലവ് ആവശ്യമുള്ള രീതികൾ താങ്ങാൻ കഴിയാത്തവർക്കും പരമ്പരാ​ഗത ചികിത്സാരീതികൾ ഫലം ചെയ്യാത്തവർക്കുമൊക്കെ വേണ്ടിയാണ് ഇത് നിർദേശിച്ചത്. മരുന്നുകൾ ഫലിക്കുന്നില്ല എന്നുകരുതി വിട്ടുകൊടുക്കാനാവില്ല.

എനിക്ക് പുറകെവരാതെ പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടുള്ള എന്‍റെ ഡോക്ടറെ അദ്ദേഹം മാന്യമായി വിളിച്ചിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഉയർന്ന യോ​ഗ്യതയുള്ള രണ്ട് പ്രൊഫഷണലുകളുടെ സംവാദത്തിൽ നിന്നും ചർച്ചകളിൽ നിന്നുമൊക്കെ പഠിക്കാൻ ആ​ഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്‍റെ ആരോ​ഗ്യത്തിന് ​ഗുണകരമായ ഇത്തരം ചികിത്സാരീതികളേക്കുറിച്ച് ഇനിമുതൽ പങ്കുവെക്കുമ്പോൾ കൂടുതൽ കരുതലെടുക്കും. ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല അവ പങ്കുവെക്കുന്നത്. ആയുർവേദ, ഹോമിയോപ്പതി, അക്യുപങ്ചർ, ടിബെറ്റൻ മെഡിസിൻ, പ്രാണിക് ഹീലിങ് തുടങ്ങിയ ചികിത്സാരീതികളേക്കുറിച്ചൊക്കെ പലരും പറയുന്നതു കേട്ടിട്ടുണ്ട്. അതുപോലൊന്നാണ് ഞാനും ചെയ്തത്. എനിക്ക് ഫലംചെയ്ത ഒരുരീതി പങ്കുവെക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com