'കുഷ്ഠരോഗം മഹാമാരിയായിരുന്ന കേരളത്തിൽ ഞാനും അവരിലൊരാളായി മാറുകയായിരുന്നു'; കരച്ചിലടക്കാന്‍ പാടുപെട്ട ഷീലയുടെ പാട്ടോര്‍മ

വയലാറിന്റെ വരികള്‍, ദേവരാജൻ മാസ്റ്ററൊരുക്കിയ ഈണത്തില്‍ പി. സുശീലയാണ് ആലപിച്ചത്
അശ്വമേധം എന്ന ചിത്രത്തില്‍നിന്ന്
അശ്വമേധം എന്ന ചിത്രത്തില്‍നിന്ന്
Published on

കുഷ്ഠരോഗത്തിന് ഇന്നത്തെ പോലെ ഫലപ്രദമായ ചികിത്സ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. രോഗി അനുഭവിക്കുന്ന ക്ലേശങ്ങള്‍ പറഞ്ഞറിയിക്കാവുന്നതിലും അധികമായിരുന്നു. എന്നിട്ടും, രോഗാവസ്ഥയുടെ തീവ്രത അത്രത്തോളം ജീവിതഗന്ധിയായി നമ്മെ അനുഭവിപ്പിക്കുന്ന പാട്ടുകള്‍ മലയാളം സിനിമയിലുണ്ടായി. അതില്‍ എടുത്തുപറയേണ്ടത് 'അശ്വമേധം' എന്ന ചിത്രത്തിലെ "കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി.... തലയ്ക്കു മുകളിൽ ശൂന്യാകാശം താഴെ നിഴലുകൾ ഇഴയും നരകം..." എന്ന ഗാനമാണ്. തോപ്പില്‍ ഭാസിയുടെ രചനയില്‍ എ. വിന്‍സെന്റ് സംവിധാന ചെയ്ത ചിത്രത്തില്‍ വയലാറിന്റെ വരികള്‍, ദേവരാജൻ മാസ്റ്ററൊരുക്കിയ ഈണത്തില്‍ പി. സുശീലയാണ് ആലപിച്ചത്. കുഷ്ഠരോഗിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം സ്വമേധയാ ആലപ്പുഴ നൂറനാട് ലെപ്രസി സാനറ്റോറിയത്തിലേക്ക് നടന്നു നീങ്ങവേ, ഹൃദയവേദനയോടെ ഷീല അവതരിപ്പിച്ച സരോജം പാടുന്ന ഗാനം. ഗാനത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചതും അവിടെ തന്നെയായിരുന്നു. നൂറനാട് ലെപ്രസി സാനറ്റോറിയത്തിന് 90 വയസ് തികയുമ്പോൾ, അവിടെവെച്ച് ചിത്രീകരിക്കപ്പെട്ട ഗാനത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ചലച്ചിത്രഗാന നിരീക്ഷകനും എഴുത്തുകാരനുമായ രവി മേനോന്‍. പാടി അഭിനയിക്കേണ്ടിവന്ന ഷീലയുടെ മാനസികസംഘര്‍ഷങ്ങളെക്കുറിച്ചും രവി മേനോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നൂറനാട് ലെപ്രസി സാനറ്റോറിയത്തിന് 90 വയസ്സ് തികയുമ്പോൾ, അവിടെ വെച്ച് ചിത്രീകരിക്കപ്പെട്ട ഈ ഗാനത്തിന് ചരിത്രപ്രാധാന്യമുണ്ട്. രോഗാവസ്ഥയുടെ തീവ്രത ഇത്ര ജീവിതഗന്ധിയായി നമ്മെ അനുഭവിപ്പിക്കുന്ന പാട്ടുകൾ അപൂർവം.

ചില ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കുമ്പോൾ അറിയാതെ വിതുമ്പിപ്പോയിട്ടുണ്ട് ഷീല. അശ്വമേധ (1967) ത്തിലെ "കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി, തലയ്ക്കു മുകളിൽ ശൂന്യാകാശം താഴെ നിഴലുകൾ ഇഴയും നരകം...'' എന്ന പാട്ട് ഉദാഹരണം. വയലാർ -- ദേവരാജൻ -- സുശീല ടീമിന്റെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്ന്.

കുഷ്ഠരോഗിയാണെന്ന് തിരിച്ചറിഞ്ഞ ശേഷം സ്വമേധയാ ലെപ്രസി സാനറ്റോറിയത്തിലേക്ക് നടന്നു നീങ്ങവേ ഹൃദയവേദനയോടെ സരോജം പാടുന്ന ഗാനത്തിന്റെ പല്ലവി ഓർമ്മയിൽ നിന്ന് ചൊല്ലിക്കേൾപ്പിക്കുന്നു ഷീല.'' ആ ഗാനത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചത് നൂറനാട്ടെ ലെപ്രസി സാനറ്റോറിയത്തിലാണ്. ആദ്യമായാണ് അത്തരമൊരു ആശുപത്രിയിൽ പോകുന്നത്. അവിടെ കണ്ട കാഴ്ചകൾ എന്നെ നടുക്കിക്കളഞ്ഞു. കുഷ്ഠരോഗത്തിന് ഇന്നത്തെ പോലെ ഫലപ്രദമായ ചികിത്സ ഇല്ലാതിരുന്ന കാലമാണ് എന്നോർക്കണം. മുഖത്തും കൈവിരലുകളിലും കാലുകളിലുമെല്ലാം രോഗം അവശേഷിപ്പിച്ച വെളുത്ത പാടുകളുമായി ദൈന്യതയോടെ ചുറ്റും നിരന്നിരിക്കുന്ന കുറെ മനുഷ്യക്കോലങ്ങൾ. ജീവിതത്തിന് ഇങ്ങനെയും ഒരു മുഖമുണ്ട് എന്ന് ആദ്യമായി തിരിച്ചറിയുകയായിരുന്നു.

"അവർക്കിടയിൽ ഇരുന്ന് വർണ്ണ ചിത്രങ്ങൾ വരയ്ക്കുവാനെത്തുന്ന വൈശാഖ സന്ധ്യകളേ, ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി എന്തിനീ മണ്ണിൽ വരച്ചൂ, വികൃതമായ് എന്തിനീ മണ്ണിൽ വരച്ചു എന്ന വരികൾക്കൊത്ത് ചുണ്ടനക്കുമ്പോൾ അറിയാതെ ആ മുഖങ്ങളിലേക്ക് നോക്കിപ്പോയി. പാട്ടിന് ആവശ്യമായ വിഷാദഭാവം മുഖത്ത് വരുത്താൻ ക്യാമറക്കു മുന്നിൽ എനിക്ക് അഭിനയിക്കേണ്ടി വന്നില്ല എന്നതാണ് സത്യം.. കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു ഞാൻ.''-- . ഷീലയുടെ വാക്കുകൾ.

കുഷ്ഠരോഗം മഹാമാരിയായിരുന്നു അന്നത്തെ കേരളത്തിൽ. അറപ്പോടെ, ഭീതിയോടെ ജനം നോക്കിക്കണ്ട മാറാവ്യാധി. ``പൂജക്കെടുക്കാതെ പുഴുക്കുത്തി നിൽക്കുമീ പൂക്കളെ നിങ്ങൾ മറന്നു, കൊഴിയുമീ പൂക്കളെ നിങ്ങൾ മറന്നൂ എന്ന് പാടുമ്പോൾ ഞാനും അവരിലൊരാളായി മാറുകയായിരുന്നു. ആ നിമിഷങ്ങൾ ഇത്ര കാലത്തിനു ശേഷവും നൊമ്പരമായി മനസ്സിലുണ്ട്.'' -- ഷൂട്ടിംഗ് കഴിഞ്ഞ് കുറെ നേരം കൂടി സാനറ്റോറിയത്തിലെ അന്തേവാസികൾക്കൊപ്പം ചെലവഴിച്ച ശേഷമാണ് താൻ മടങ്ങിയതെന്ന് ഷീല. ``അവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരെ, പ്രത്യേകിച്ച് നഴ്‌സുമാരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. എത്ര ക്ഷമയോടെയാണെന്നോ അവർ രോഗികളുമായി ഇടപഴകിയിരുന്നത്. സിനിമയിൽ നമ്മൾ കാണുന്നതിനുമൊക്കെ അപ്പുറത്താണ് യഥാർത്ഥ ജീവിതാനുഭവങ്ങളുടെ തീവ്രത എന്ന് ഒരിക്കൽ കൂടി മനസ്സിലായ നിമിഷങ്ങൾ.''

ശുദ്ധസാവേരി രാഗസ്പർശം നൽകി ദേവരാജൻ മാസ്റ്റർ ഒരുക്കിയ ഗാനത്തിന്റെ വരികൾ വീണ്ടും മൂളുന്നു ഷീല. "സുശീലയുടെ ആലാപനത്തിൽ ഒരു നേർത്ത ഗദ്ഗദം ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് തോന്നും ഇന്നും ആ പാട്ട് കേൾക്കുമ്പോൾ. അത്തരം പാട്ടുകൾ പാടി അഭിനയിക്കാൻ കഴിഞ്ഞതാണ് സിനിമാ ജീവിതം കനിഞ്ഞു നൽകിയ സൗഭാഗ്യങ്ങളിൽ ഒന്ന്..''

-- രവിമേനോൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com