
കൊച്ചി: അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ പരാതി നൽകും. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് നടി പരാതി നൽകുക. പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് നടി ശ്വേത മേനോൻ. നിലവിൽ വിദേശത്തുള്ള ശ്വേത കൊച്ചിയിലെത്തിയ ശേഷമായിരിക്കും പരാതി നൽകുക.
ശ്വേതക്കെതിരെ കോടതിയെ സമീപിച്ച മാർട്ടിൻ മേനചേരിക്കെതിരെ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പരാതിയിൽ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടിൽ ആണ് മാർട്ടിൻ മേനാചേരി. നടൻ ബാബുരാജ് അടക്കമുള്ളവരുമായി തനിക്ക് ബന്ധമില്ലെന്നും മാർട്ടിൻ വ്യക്തമാക്കി.
അതേസമയം, താരസംഘടന അമ്മയുടെ തലപ്പത്ത് ചോദ്യം ചെയ്യാൻ കഴിവുള്ള ഒരാൾ എത്തുന്നത് ഭയന്നാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് മാലാ പാർവതി പറഞ്ഞു. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. അതിനിടെ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി കുക്കൂ പരമേശ്വരൻ ഡിജിപിക്ക് പരാതി നൽകി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ യൂടൂബ് ചാനലുകളിലൂടെയും മറ്റും അധിക്ഷേപിക്കുന്നു എന്നാണ് പരാതി.
കുക്കുവിന്റെ പരാതിക്ക് പിന്നാലെ മെമ്മറി കാർഡിനെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഉഷ ഹസീനയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ഒരു ശക്തി ശ്രമിക്കുന്നുണ്ടെന്നും അത് ബാബുരാജ് ആണെന്ന് വിശ്വസിക്കുന്നില്ല എന്നുമായിരുന്നു പ്രസിഡന്റ് സ്ഥാനാർഥി ദേവന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അമ്മ അംഗങ്ങൾ ശ്രമിച്ചിട്ടുണ്ടെങ്കിൽ പ്രസിഡന്റായി വന്നാൽ മുഖം നോക്കാതെ നടപടി എടുക്കും എന്നും ദേവൻ വ്യക്തമാക്കിയിരുന്നു.