
പ്രശസ്ത നടി ശ്രീദേവിയും നിർമാതാവ് ബോണി കപൂറുമായുള്ള പ്രണയം 90കളില്‍ ടോബ്ലോയിഡുകളുടെ സ്ഥിരം തലക്കെട്ടുകളില്‍ ഒന്നായിരുന്നു. 1996 ജൂണ്‍ രണ്ടിനാണ് ഇരുവരും വിവാഹതിരാകുന്നത്. ഈ സമയത്ത് ആദ്യ ഭാര്യ മോണാ കപൂറില്‍ നിന്നും ബോണി വിവാഹം മോചനം നേടിയിരുന്നില്ല.
ശ്രീദേവിയും തന്റെ മുന്‍ പങ്കാളിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ബോണി കപൂർ നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ശ്രീദേവിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മോണയോട് പറഞ്ഞിരുന്നതായണ് ഏറ്റവും പുതിയ അഭിമുഖത്തില്‍ നിർമാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ചന്ദാ കൊച്ചാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബോണി തന്റെ പ്രണയകാലത്തെപ്പറ്റി സംസാരിച്ചത്.
ശ്രീദേവിയുടെയും തന്റെയും വിവാഹ മോതിരങ്ങൾ ആദ്യ ഭാര്യ മോണ കപൂർ വാങ്ങിയതാണെന്നും ബോണി കപൂർ വെളിപ്പെടുത്തി. "എന്റെ ആദ്യ ഭാര്യ, അവളോട് ഞാന്‍ എല്ലാ തുറന്നുപറഞ്ഞു," തന്റെ വിവാഹമോതിരം ചൂണ്ടിക്കാട്ടി ബോണി പറഞ്ഞു. തന്നോടോ ശ്രീദേവിയിലുണ്ടായ കുട്ടികളോടോ മോണ ഒരു തരത്തിലുള്ള വിദ്വേഷും വച്ചുപുലർത്തിയിട്ടില്ലെന്നും ബോണി കപൂർ കൂട്ടിച്ചേർത്തു.
മോണ കപൂറിനും ബോണിക്കും അർജുന്‍, അന്‍ഷുല എന്നീ രണ്ട് കുട്ടികളാണുള്ളത്. ശ്രീദേവിയുമായുള്ള വിവാഹത്തിന് പിന്നാലെ അർജുന്‍ അയച്ച ഒരു കത്തിനെപ്പറ്റിയും അഭിമുഖത്തില്‍ ബോണി കപൂർ സംസാരിച്ചു.
"എന്താ വീട്ടിലേക്ക് വരാത്തത് എന്ന് ചോദിച്ച് അർജുന്‍ എനിക്ക് ഒരു കത്തെഴുതി. എനിക്ക് വല്ലാതെ തോന്നി. ഞാന്‍ എന്ത് ചെയ്യും? ഞാന്‍ രണ്ടായി പിരിഞ്ഞു. ഒരു വശത്ത് എന്റെ ഭാര്യ ശ്രീദേവി. മറ്റൊരു വശത്ത് എന്റെ കുട്ടികള്‍. എനിക്ക് ശ്രീദേവിയെ ഒറ്റയ്ക്കാക്കാന്‍ പറ്റില്ല. മാതാപിതാക്കള്‍ മരിച്ച് അവള്‍ ഏകയായിരുന്നു. എന്റെ കുട്ടികള്‍ക്ക് അവരുടെ അമ്മയുണ്ടായിരുന്നു, മുത്തശ്ശിയും മുത്തച്ഛനുമുണ്ടായിരുന്നു," ബോണി പറഞ്ഞു. 2018ല്‍ ശ്രീദേവിയുടെ വിയോഗത്തിന് ശേഷം അർജുനും അന്‍ഷുലയും, ജാന്‍വിക്കും ഖുശിക്കും പിന്തുണ നല്‍കിയെന്നും ബോണി കൂട്ടിച്ചേർത്തു.