
തെലുങ്ക് നടന്‍ സായ് ദുർഗ തേജ് നായകനായെത്തുന്ന പുതിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകും. 'വിരൂപാക്ഷ', 'ബ്രോ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സായി ദുർഗ തേജ് നായകനാവുന്ന ചിത്രം കൂടിയാണിത്. രോഹിത് കെ.പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഹനുമാൻ്റെ' വിജയത്തിന് ശേഷം, പ്രൈംഷോ എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ നിർമ്മാതാക്കളായ കെ.നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. SDT18 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ, വസന്ത എന്ന് പേരുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് നായികാ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. വലിയ ബഡ്ജറ്റിലൊരുക്കുന്ന ഈ പീരീഡ് ആക്ഷൻ ഡ്രാമയിൽ, അതിശക്തനായ ഒരു കഥാപാത്രമായാണ് സായി ദുർഗ തേജ് അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.