'ഹൃദയപൂര്‍വ്വ'ത്തില്‍ മോഹന്‍ലാലിന്റെ നായികയാവാന്‍ ഐശ്വര്യ ലക്ഷ്മി

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം
'ഹൃദയപൂര്‍വ്വ'ത്തില്‍ മോഹന്‍ലാലിന്റെ നായികയാവാന്‍ ഐശ്വര്യ ലക്ഷ്മി
Published on


മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സത്യന്‍ അന്തിക്കാടിപ്പോള്‍. മോഹന്‍ലാലിന്റെ നായിക ആരാണെന്ന വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സത്യന്‍ അന്തിക്കാട് അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

'ഹൃദയപൂര്‍വ്വം എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോള്‍. ഡിസംബറില്‍ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മള്‍ കണ്ടിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും 'ഹൃദയപൂര്‍വ്വം'. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 'ഹൃദയപൂര്‍വ്വം' ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും', എന്നാണ് സത്യന്‍ അന്തിക്കാട് കുറിച്ചത്.

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. 9 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സോനു ടിപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അനു മൂത്തേടത്താണ്.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com