

തന്റെ 75ാം പിറന്നാളിന് പടയപ്പ റീ റിലീസ് ഉണ്ടാകുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. പടയപ്പ ചിത്രീകരണത്തെ കുറിച്ചും സിനിമയിലെ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതിനെ കുറിച്ചും വിശദമായി പറഞ്ഞു കൊണ്ടുള്ള വീഡിയോ രജനീകാന്ത് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
സിനിമയില്‍ രജനീകാന്ത് അവതരിപ്പിച്ച നായകന്‍ പടയപ്പയ്ക്ക് ഒപ്പം നില്‍ക്കുന്ന വില്ലന്‍ കഥാപാത്രമായിരുന്നു രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരിയും. രമ്യ കൃഷ്ണന്റെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു നീലാംബരി.
എന്നാല്‍, നീലാംബരിയായി ആദ്യം മനസ്സില്‍ കണ്ടത് രമ്യ കൃഷ്ണനെയായിരുന്നില്ലെന്നാണ് രജനീകാന്ത് പറയുന്നത്. സിനിമയുടെ കാസ്റ്റിങ് സമയത്ത് നീലാംബരി എന്ന കഥാപാത്രത്തെ ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വന്നത് ഐശ്വര്യ റായി ആയിരുന്നുവെന്ന് രജനീകാന്ത് പറയുന്നു. ഐശ്വര്യ റായി ആണ് ഈ കഥാപാത്രത്തിന് അനുയോജ്യ എന്ന തോന്നലായിരുന്നു, അവര്‍ ഈ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചു.
ആ സമയത്ത് ഐശ്വര്യ വളരെ തിരക്കുള്ള നടിയാണ്. മൂന്ന് നാല് മാസം ശ്രമിച്ചാണ് ഐശ്വര്യയെ കിട്ടുന്നത്. ഒടുവില്‍ കിട്ടിയപ്പോള്‍ കഥാപാത്രം ചെയ്യില്ലെന്നും പറയുന്നില്ല, വളരെ തിരക്കുമാണ്. ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം കാത്തിരിക്കാനും തനിക്ക് മടിയില്ലായിരുന്നു.
പക്ഷെ, പിന്നെയാണ് ഐശ്വര്യ റായിക്ക് ഈ കഥാപാത്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് മനസ്സിലായത്. താത്പര്യമില്ലാതെ പിന്നെ നിര്‍ബന്ധിക്കേണ്ടെന്ന് കരുതി, മറ്റൊരാളെ നോക്കാമെന്ന് തീരുമാനിച്ചു. പിന്നീട്, ശ്രീദേവി, മീന, മാധുരി ദീക്ഷിത്ത് അങ്ങനെ പല നടിമാരേയും ആലോചിച്ചു.
പക്ഷേ, ആരുടേയും കണ്ണില്‍ നീലാംബരിയുടെ ആ പവര്‍ ഇല്ല, നീലാംബരിയുടെ പവര്‍ ആ കണ്ണില്‍ കാണണം. പിന്നീടാണ് രമ്യ കൃഷ്ണന്റെ പേര് വരുന്നത്. രമ്യ ആ സമയത്ത് തെലുങ്കില്‍ കുറേ പടങ്ങള്‍ ചെയ്തിരിക്കുകയാണ്, ഒരു സിനിമ താനും ഒന്നിച്ച് ചെയ്തിട്ടുണ്ട്. ആദ്യം രമ്യക്ക് നീലാംബരിയാകാന്‍ പറ്റുമോ എന്നതില്‍ സംശയമുണ്ടായിരുന്നു. ആദ്യം ആത്മവിശ്വാസമില്ലായിരുന്നു, കഥാപാത്രത്തിനു വേണ്ടി വണ്ണം കൂട്ടാമെന്ന് രമ്യ പറഞ്ഞു. പിന്നീട് നീലാംബരിയുടെ കോസ്റ്റിയൂമില്‍ രമ്യയെ കണ്ടപ്പോഴാണ് വിശ്വാസം തോന്നിയതെന്നും രജനീകാന്ത് പറഞ്ഞു.