കൊച്ചി: മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും'. ചിത്രം ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങുന്നവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചിത്രം വലിയ ശ്രദ്ധനേടിയപ്പോള്‍ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്റേയും അജയ് ദേവ്ഗണിന്റേയും ടീം തന്നെ സമീപിച്ചിരുന്നു. ചെറിയ ബജറ്റില്‍ ഇത്രയും സ്വീകാര്യതയുള്ള ചിത്രങ്ങള്‍ എങ്ങനെ ചെയ്യാന്‍ കഴിയുന്നു എന്നാണ് അവര്‍ ചോദിച്ചത്. തെലുങ്കില്‍ നിന്നും റീമേക്ക് അന്വേഷണങ്ങള്‍ വന്നിരുന്നു. ഹിന്ദിയില്‍ നിന്ന് തന്നോട് തന്നെയാണ് സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതുകൊണ്ട് എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ചര്‍ച്ചയാണ് നടക്കുന്നത്. എന്നാൽ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നുമായിരുന്നു അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞത്.
‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിങ് തുടരുകയാണ്. ഫോട്ടേഗ്രാഫർ കൂടിയായ കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം 232.60 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. ആകെ 118.75 കോടിയിലധികമാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്. വിദേശത്ത് 94.35 കോടി രൂപയും നേടിയിട്ടുണ്ട്. ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, മോഹന്‍ലാല്‍ നായകനായ 'ദൃശ്യം' പരമ്പരയിലെ ചിത്രങ്ങള്‍ ഹിന്ദി റീമേക്കില്‍ വലിയ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ മൂന്നാം ഭാഗം മലയാളത്തിന് പിന്നാലെ അധികം വൈകാതെ തന്നെ ഹിന്ദിയിലും റീമേക്കായി എത്താനൊരുങ്ങുകയാണ്. ഇതിനിടെയാണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രവും ഹിന്ദിയില്‍ റീമേക്കിനായുള്ള ചര്‍ച്ചകളിലുണ്ടെന്ന സ്ഥിരീകരണം വരുന്നത്.