ഓർമകളുടെ അമരത്ത് ലോഹിതദാസ്; അനശ്വര സംവിധായകന്റെ ഓർമകൾക്ക് ഇന്ന് 16 വയസ്

44 തിരക്കഥകളും 12 ചിത്രങ്ങളുമാണ് അക്ഷരങ്ങളിൽ അത്ഭുതo ഒളിപ്പിച്ച ആ കലാകാരൻ നമുക്ക് സമ്മാനിച്ചത്.
എ.കെ. ലോഹിതദാസ്
എ.കെ. ലോഹിതദാസ്Source: Reddit
Published on

മലയാളികളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചാണ് എ.കെ. ലോഹിതദാസ് എന്ന തിരക്കഥാകൃത്തും അദ്ദേഹം സൃഷ്ടിച്ച ഓരോ കഥാപാത്രങ്ങളും കടന്നു പോയിട്ടുള്ളത്. തിരക്കഥാകൃത്തായും സംവിധായകനായും ആശയ ഗംഭീരമായ സിനിമകളിലൂടെ മലയാള സിനിമാലോകത്തിന് പുതിയ മാനം നൽകിയ ലോഹിതദാസിന്റെ ഓർമകൾക്ക് ഇന്ന് 16 വയസ്.

വിശ്വാസവും കുടുംബവും ചുറ്റുപാടും ഭ്രാന്തിലേക്ക് വലിച്ചിഴച്ച് കൊണ്ടിടുന്ന ബാലൻ മാഷ്. ആദ്യമായി ചോറ് വാരിക്കൊടുത്ത കൈകൊണ്ട് തന്നെ വിഷം ചേർത്ത ചോറുരുളയും മകന്റെ വായിലേക്കു വെച്ചു കൊടുക്കാൻ വിധിക്കപ്പെട്ടൊരു പെറ്റമ്മ. ദുരന്തപര്യവസാനമായ അത്തരമൊരു കഥയിലൂടെ ആയിരുന്നു ലോഹിതദാസിന്റെ സിനിമാ പ്രവേശനം. സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവർത്തനത്തിലൂടെ അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസിന് തിരയില്‍ മറുപിറവി ലഭിച്ചു. എഴുത്തുകാരന്‍ എന്ന വേഷം ഭംഗിയായി തന്നെ ലോഹിതദാസ് കെട്ടിയാടി. 44 തിരക്കഥകളും 12 ചിത്രങ്ങളുമാണ് അക്ഷരങ്ങളിൽ അത്ഭുതo ഒളിപ്പിച്ച ആ കലാകാരൻ നമുക്ക് സമ്മാനിച്ചത്.

എ.കെ. ലോഹിതദാസ്
ഇലവീഴാ പൂഞ്ചിറയിൽ കണ്ട വൈറലായ മലയാളി 'പുഷ്പരാജി'ൻ്റെ വിശേഷങ്ങൾ അറിയാം | INTERVIEW

കാണികളെ അത്രമേല്‍ അസ്വസ്ഥതപ്പെടുത്തും പോലെ കഥയും കഥാപാത്രങ്ങളെയും കുറിച്ചിടാൻ ലോഹിക്ക് മാത്രമേ കഴിയുമായിരുന്നുള്ളു. ജീവിതത്തിന് മുന്നിൽ തോറ്റുപോകുന്ന, പ്രതീക്ഷകളും പ്രണയവും സ്വപ്നങ്ങളും നഷ്ടപ്പെടുന്ന, നിസ്സഹായരായ ജീവിതങ്ങളെ ജീവസ്പർശിയായി കുറിച്ചിടാൻ മലയാളത്തിൽ ലോഹിക്ക് മുൻപോ ശേഷമോ മറ്റൊരാൾക്കും കഴിഞ്ഞതുമില്ല. അതിനു കാരണം, അയാൾ കോറിയിട്ട ജീവിതങ്ങളൊക്കെയും സാധാരണ മനുഷ്യരുടെ പകർപ്പുകളായിരുന്നു. അവരനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും സംഘർഷങ്ങളുമായിരുന്നു ലോഹിയുടെ പേന പകർത്തിയെഴുതിയത്.

ബാലൻമാഷിലൂടെ ആരംഭിച്ച ആ പകർപ്പെഴുത്ത്, കൗരവരിലെ ആൻ്റണിയിലും കിരീടത്തിലെ സേതുമാധവനിലും ഭരതത്തിലെ ഗോപിനാഥനിലും വാൽസല്യത്തിലെ രാഘവൻ നായരിലും കന്മദത്തിലെ ഭാനുവിനും തുടർന്നു. ലോഹമുരുക്കുന്ന മൂശാരിക്ക് വെങ്കലത്തിലൂടെയും മുക്കുവന് അമരത്തിലും ലൈംഗിക തൊഴിലാളികൾക്ക് സൂത്രധാരനിലും സർക്കസ് കൂടാരത്തിന്‌ ജോക്കറിലൂടെയും മലയാള സിനിമയിൽ ഇടം നല്‍കി. അവരുടെ കഥയും ക്രൗഡ് പുള്ളറുകളാണെന്ന് സിനിമാ മേഖലക്ക് മനസിലാക്കിക്കൊടുത്തു. അപ്പോഴും സൃഷ്ടിച്ച ജീവിതങ്ങളൊന്നും തനിയാവർത്തനങ്ങളാകാതിരിക്കാന്‍ ആ എഴുത്തുകാരന്‍ ശ്രദ്ധിച്ചു.

എ.കെ. ലോഹിതദാസ്
നിങ്ങള്‍ ലിഞ്ചിയനാണോ? കാലാവസ്ഥാ റിപ്പോർട്ടുകള്‍ പോലും ക്രിയേറ്റീവ് ടൂളാക്കിയ സംവിധായകന്റെ കഥ

ആഴവും പരപ്പവുമുള്ള ജീവിതങ്ങളുടെ വേഷപകര്‍ച്ചകളാടാന്‍ ലോഹി തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാക്കളെ അണിനിരത്തി. അച്ഛനോട് പിണങ്ങിയ റോയിക്കും തൊഴിൽ തേടുന്ന സതീശനും പലവേഷങ്ങൾ കെട്ടുന്ന വക്കീൽ മോഹനചന്ദ്രനും ഒരേ നടന്റെ മുഖം തെളിഞ്ഞിട്ടും ആ ജീവിതങ്ങൾ കാണികള്‍ക്ക് പലതായി അനുഭവപ്പെട്ടു. പുരുഷന്റെ കഥയിലെ ഭാഗമായി മാത്രമല്ല ലോഹിതദാസ് സ്ത്രീകളെ അവതരിപ്പിച്ചത്. അവർക്ക് സ്വന്തമായി ഒരു വ്യക്തിത്വം നല്‍കാനും ശബ്ദം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.

ലോഹിതദാസ് എന്ന മനുഷ്യന്‍ വിടവാങ്ങിയിട്ട് 16 വർഷമായി. ചുണ്ടിൽ എരിയുന്ന സിഗരറ്റും തലയിൽ ഒരു തൂവാലയും കെട്ടി, 2009ലെ ഒരു ഇടവപ്പാതി കാലത്ത് കഥകളുടെ ഈ ലോകത്തുനിന്നും ഒന്നും പറയാതെ ലോഹിതദാസ് ഇറങ്ങിനടന്നു. തനിയാവർത്തനങ്ങളില്‍ ആ പേര് നമ്മള്‍ വീണ്ടും കേട്ടു. തിയേറ്ററുകളില്‍ നിന്ന് നിർവികാരരായി ഇറങ്ങിപ്പോരുമ്പോള്‍ കാണികള്‍ അയാളെ വെറുതെ ഒന്ന് ഓർത്തു. ആ ടൈറ്റില്‍ കാർഡ് അവരുടെ മനസിലൂടെ ഒന്നുകൂടി ഓടിമറഞ്ഞു, കഥ, തിരക്കഥ, സംവിധാനം - എ.കെ. ലോഹിതദാസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com