ഒന്നും രണ്ടുമല്ല തുടര്‍ച്ചയായ ഒമ്പതാം സിനിമയും പരാജയം; ബോളിവുഡ് 'ഖിലാഡി'ക്ക് ഇതെന്തുപറ്റി!

അക്ഷയ് കുമാര്‍ നായകനായി വലിയ ബജറ്റില്‍ ഏറ്റവും ഒടുവിലെത്തിയ സര്‍ഫിറയ്ക്കും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു
അക്ഷയ് കുമാര്‍
അക്ഷയ് കുമാര്‍
Published on

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഷ്ടത്തിന്‍റെ കണക്കുകള്‍ മാത്രമേ ബോളിവുഡിന് പറയാനുള്ളു. വമ്പന്‍ ബജറ്റില്‍ നാടിളക്കിയ പ്രമോഷന്‍ പരിപാടികളുമായെത്തിയ സൂപ്പര്‍ താര ചിത്രങ്ങളില്‍ പലതും ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. കാമ്പില്ലാത്ത തിരക്കഥയും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ അവതരണവും പ്രൊപ്പഗണ്ട സിനിമകളും ബോളിവുഡിന്‍റെ തോല്‍വിയ്ക്ക് ആക്കം കൂട്ടി. ചെറിയ മുതല്‍ മുടക്കിലെത്തി ലളിതമായി കഥപറഞ്ഞ് വന്‍വിജയം നേടിയ സിനിമകളും ഈ കൂട്ടത്തിലുണ്ടായിരുന്നു. പരാജയത്തിന്‍റെ കണക്കെടുത്താല്‍ തോല്‍വിയുടെ ഭാരം കൂടുതല്‍ അക്ഷയ് കുമാറിന് ആണെന്ന് പറയേണ്ടി വരും. ഒന്നും രണ്ടുമല്ല താരത്തിന്‍റെ തുടര്‍ച്ചയായ ഒന്‍പതാം സിനിമയാണ് ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടിരിക്കുന്നത്.

വലിയ ബജറ്റില്‍ ഏറ്റവും ഒടുവിലെത്തിയ സര്‍ഫിറയ്ക്കും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യ ദിന കളക്ഷനില്‍ കേവലം 2.5 കോടി മാത്രം നേടിയ ചിത്രം വാരാന്ത്യത്തിലേക്ക് എത്തിയപ്പോള്‍ ആഗോള കളക്ഷനില്‍ 12 കോടിയിലേക്ക് ഒതുങ്ങി. പ്രതിഫലത്തിലും താരമൂല്യത്തിലും മുന്‍പന്തിയിലുള്ള അക്ഷയ് കുമാറിനെ പോലെ ഒരു താരത്തിന്‍റെ സിനിമയില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണമല്ല സര്‍ഫിറയ്ക്ക് ലഭിച്ചത്. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന സിനിമയുടെ ഹിന്ദി പതിപ്പായിരുന്നു സര്‍ഫിറ. സുധ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്തതത്.

കഴിഞ്ഞ വര്‍ഷം റിലീസായ ഒഎംജി 2 എന്ന സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരുന്നു. സിനിമ സാമ്പത്തിക വിജയം നേടിയെങ്കിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ പങ്കജ് ത്രിപാഠിയാണ്. ഇതൊഴികെ സമീപകാലത്ത് റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം കനത്ത പരാജയം നേരിടേണ്ടി വന്നു. 2021-ല്‍ പുറത്തിറങ്ങിയ സൂര്യവന്‍ശിയാണ് താരത്തിന്‍റെ ഏറ്റവും ഒടുവിലത്തെ സോളോ ഹിറ്റ്.

തുടര്‍ന്ന് റിലീസായ അത്രംഗി രേ, ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ, കട്‌പുട്‌ലി (ഒടിടി റിലീസ്), രാം സേതു, സെൽഫി, ഒഎംജി 2, മിഷൻ റാണിഗഞ്ച്, ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നി സിനിമകള്‍ക്കൊന്നും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. ചുരുക്കി പറഞ്ഞാല്‍ ഒടിടിയിൽ റിലീസ് ചെയ്ത കട്‌പുട്‌ലി, ഒഎംജി 2 എന്നിവ ഒഴികെ , കഴിഞ്ഞ നാല് വർഷത്തിനിടെ ഒന്‍പത് അക്ഷയ് കുമാര്‍ സിനിമകളാണ് പരാജയപ്പെട്ടത്. 

അക്ഷയ് കുമാര്‍ സിനിമകള്‍ തുടര്‍പരാജയമാകുന്നതിനെക്കുറിച്ച് സിനിമാകൂട്ടായ്മകളില്‍ ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു.

"അക്ഷയ് ചെയ്യുന്ന സിനിമകളിൽ ഭൂരിഭാഗവും കോവിഡ്-19 മഹാമാരിക്ക് മുമ്പ് ഒപ്പിട്ടതാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കോവിഡിന് ശേഷമുള്ള സിനിമകളും പ്രേക്ഷകരുടെ അഭിരുചികളും മാറിയിട്ടുണ്ട്. പല സിനിമകളിലും അക്ഷയ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും,സിനിമ വിജയിച്ചില്ല. അക്ഷയ് റീമേക്കുകൾ ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നു, കാരണം അവയുടെ ഒറിജിനൽ ഒടിടിയിലോ യൂട്യൂബിലോ പ്രേക്ഷകര്‍ മുന്‍പ് തന്നെ കണ്ടിട്ടുള്ളതാകും. ഭാഷ പരിഗണിക്കാതെ പ്രേക്ഷകർ സിനിമ കാണുന്നത് റീമേക്ക് സിനിമകളടെ വിജയത്തെ ബാധിക്കുന്നുണ്ട് " - മാധ്യമപ്രവര്‍ത്തകനായ ഭാരതി ദുബെ പറഞ്ഞു.

"ഒരു തവണ ഒടിടിയില്‍ കണ്ട സിനിമ എന്തിനാണ് പ്രേക്ഷകര്‍ വീണ്ടും തീയേറ്ററില്‍ കാണുന്നത്. മാത്രമല്ല സിനിമയുടെ പ്രമോഷന്‍ പരിപാടികളെല്ലാം പരിതാപകരമായിരുന്നു. അക്ഷയ് കുമാര്‍ പങ്കെടുത്ത അഭിമുഖങ്ങളോ പത്ര സമ്മേളനങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രേക്ഷകര്‍ക്ക് ഇടയില്‍ സിനിമ ഒട്ടും തന്നെ ചര്‍ച്ചയായതുമില്ല. ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ 2.5 കോടി മാത്രമാണെങ്കില്‍ അദ്ദേഹത്തിന്‍റെ താരപദവി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് കരുതേണ്ടത് "- സര്‍ഫിറയുടെ പരാജയത്തെ കുറിച്ച് സിനിമാ വ്യാപാര വിദഗ്ധൻ ഗിരീഷ് വാങ്കഡെ പറഞ്ഞു.

ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഖേല്‍ ഖേല്‍ മേ എന്ന സിനിമയാണ് അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം. ജോൺ എബ്രഹാമിൻ്റെ വേദ , രാജ്കുമാർ റാവു, ശ്രദ്ധാ കപൂര്‍ ടീമിന്‍റെ സ്ത്രീ 2 എന്നിവയും അതേ ദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇതും അക്ഷയ് കുമാര്‍ സിനിമയുടെ കളക്ഷനെയും ബിസിനസിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com