
സംവിധായകന്‍ പാ രഞ്ജിത്തിന്റെ സെറ്റില്‍ വെച്ച് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു മരണപ്പെട്ടത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള സ്റ്റണ്ട് തൊഴിലാളികളുടെ സുരക്ഷ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇന്ത്യയില്‍ ഏകദേശം 650 സ്റ്റണ്ട് തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
ഈ ദാരുണ സംഭവം എന്റര്‍ട്ടെയിന്‍മെന്റ് മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു. സുരക്ഷ പ്രശ്‌നം രൂക്ഷമായി ഈ മേഖലയില്‍ ഉണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇന്‍ഷൂറന്‍സ് പദ്ധതിയുമായി അക്ഷയ് കുമാര്‍ രംഗത്തെത്തിയത്. സ്റ്റണ്ട് തൊഴിലാളികള്‍ക്ക് ആരോഗ്യ, അപകട പരിരക്ഷ നല്‍കാന്‍ ഇതു സഹായകമാകും.
ഗുഞ്ചന്‍ സക്സേന, ആന്റിം, ഒഎംജി 2, ജിഗ്ര എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ വിക്രം സിംഗ് ദഹിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഈ വിഷയത്തില്‍ സംസാരിച്ചു. 'അക്ഷയ് സാറിന് നന്ദി. ബോളിവുഡിലെ ഏകദേശം 650 മുതല്‍ 700 വരെയുള്ള സ്റ്റണ്ട്മാന്‍മാരും ആക്ഷന്‍ ക്രൂ അംഗങ്ങളും ഇപ്പോള്‍ ഇന്‍ഷൂറന്‍സിന് കീഴില്‍ വരുന്നു. സെറ്റില്‍ വെച്ചോ അല്ലാതെയോ പരിക്ക് സംഭവിച്ചാല്‍ 5 മുതല്‍ 5.5 ലക്ഷം വരെ ഇന്‍ഷൂറന്‍സ് ലഭിക്കും', എന്നാണ് വിക്രം സിംഗ് പറഞ്ഞത്.
അതേസമയം ജൂലൈ 13നാണ് സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിക്കുന്നത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള 'വേട്ടുവം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.