14 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശനൊപ്പം; അക്ഷയ് കുമാറിന്റെ 'ഭൂത് ബംഗ്ല' ഫസ്റ്റ് ലുക്ക്

ഏക്ത കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്
14 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശനൊപ്പം; അക്ഷയ് കുമാറിന്റെ 'ഭൂത് ബംഗ്ല' ഫസ്റ്റ് ലുക്ക്
Published on

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ഭൂത് ബംഗ്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനാണ്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ മോഷന്‍പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഏക്ത കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

'പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. ഈ വര്‍ഷത്തെ പിറന്നാല്‍ ഭൂത് ബംഗ്ലയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തുകൊണ്ടാണ് ആഘോഷിക്കുന്നത്. പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും പ്രിയദര്‍ശനൊപ്പം ഒന്നിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മാജിക്കിനായി കാത്തിരിക്കൂ', എന്നാണ് മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

2010ല്‍ പുറത്തിറങ്ങിയ ഖട്ടാ മീട്ടയാണ് ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. മോഹന്‍ലാല്‍ ചിത്രം വെള്ളാനകളുടെ നാടിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. 2021ല്‍ പുറത്തിറങ്ങിയ ഹങ്കാമ 2ന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണിത്.

അതേസമയം തുടര്‍പരാജയങ്ങളില്‍പ്പെട്ട് കടുത്ത വിമര്‍ശനം നേരിടുന്ന അക്ഷയ് കുമാറിന്റെ തിരിച്ചുവരവ് പ്രിയദര്‍ശനിലൂടെയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയില്‍ മൂന്ന് നായികമാരുണ്ടാകും എന്നാണ് സൂചന. കിയാര അദ്വാനി, കീര്‍ത്തി സുരേഷ്, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് നായികമാരായി പറഞ്ഞുകേള്‍ക്കുന്നത്. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലാകും ചിത്രീകരണമെന്നും സൂചനയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com