
തമിഴ് താരം സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രമായിരുന്നു സൂരറൈ പോട്ര്. ചെലവ് കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിയ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതം ആസ്പദമാക്കി സുധ കൊങ്കാര ഒരുക്കിയ ചിത്രം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ സിനിമയുടെ ഹിന്ദി പതിപ്പും പ്രഖ്യാപിച്ചിരുന്നു. സൂര്യ ഗംഭീരമാക്കിയ നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അക്ഷയ് കുമാറാണ് അവതരിപ്പിക്കുന്നത്. സുധ കൊങ്കാര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സര്‍ഫിറ' എന്നാണ് പേരിട്ടിരിക്കുന്നത്.
ഇപ്പോഴിത സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാര്‍. 'വലിയ സ്വപ്നങ്ങള്‍ കാണുമ്പോള്‍ നിങ്ങളെ അവര്‍ ഭ്രാന്തന്‍ എന്ന് വിളിക്കും' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 12ന് ചിത്രം തീയേറ്ററുകളിലെത്തും. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.
സുധയും ശാലിനി ഉഷാദേവിയും ചേർന്ന് തയാറാക്കിയ തിരക്കഥയില്‍ പൂജ തോലാനിയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം നിർവ്വഹിച്ച 'സർഫിറ' നിർമ്മിച്ചിരിക്കുന്നത് അരുണ ഭട്ടിയ (കേപ് ഓഫ് ഗുഡ് ഫിലിംസ്), തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സൂര്യയും ജ്യോതികയും (2ഡി എൻ്റർടൈൻമെൻ്റ്) വിക്രം മൽഹോത്രയും (അബുണ്ടൻ്റിയ എൻ്റർടെയ്ൻമെൻ്റ്) ചേർന്നാണ്. മികച്ച നടന് പുറമെ, മികച്ച ഫീച്ചര്‍ ഫിലിം, മികച്ച നടി, മികച്ച പശ്ചാത്തല സംഗീതം, മികച്ച തിരക്കഥ എന്നീ ദേശീയ പുരസ്കാരങ്ങളും സൂരറൈ പോട്ര് സ്വന്തമാക്കിയിരുന്നു.