

കൊച്ചി: രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ച ചിത്രമാണ് 'ധുരന്ധർ'. ഡിസംബർ ആദ്യ വാരം റിലീസ് ആയ ചിത്രം ബോക്സ്ഓഫീസിൽ വിജയകുതിപ്പ് തുടരുകയാണ്. സിനിമയുടെ വിജയത്തിന് കാരണം അക്ഷയ് ഖന്നയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 'ധുരന്ധറി'ലെ അക്ഷയ്‌യുടെ നൃത്തം ഇന്റർനെറ്റിൽ വൈറലാണ്.
റഹ്മാൻ ദകൈത് എന്ന വില്ലന്റെ റോളിലാണ് 'ധുരന്ധറി'ൽ അക്ഷയ് ഖന്ന എത്തുന്നത്. അക്ഷയ്‌യുടെ പ്രകടനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു സീനിൽ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ FA9LA എന്ന ട്രാക്കിന് നടൻ ചുവടുവയ്ക്കുന്നുണ്ട്. ഈ നൃത്തച്ചുവടുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
എന്നാൽ ഈ വീഡിയോ, പിതാവും ഇതിഹാസ നടനുമായ വിനോദ് ഖന്നയിൽ നിന്ന് അക്ഷയ് കോപ്പിയടിച്ചതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ബോളിവുഡ് താരങ്ങളായ രേഖയ്ക്കും വിനോദ് ഖന്നയ്ക്കുമൊപ്പം നൃത്തം ചെയ്യുന്ന ക്ലിപ്പിൽ നിന്നാണ് ഈ നൃത്ത ചുവടുകൾ നെറ്റിസൺസ് കണ്ടെത്തിയത്. 1989 ൽ ലാഹോറിൽ നടന്ന ഒരു ചാരിറ്റി പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. വിനോദ് ഖന്നയുടെ കൈ ചലനങ്ങൾ അക്ഷയ്‌യുടെ 'ധുരന്ധറി'ലെ ഡാൻസിനെ ഓർമിപ്പിക്കുന്നതാണ്.
നേരത്തെ, ഈ നൃത്തച്ചുവടുകൾ കൊറിയോഗ്രഫി ചെയ്തത് അല്ലെന്നും ഷോട്ടിന്റെ സമയത്ത് അക്ഷയ് ഇംപ്രൊവൈസ് ചെയ്‌തതാണെന്നും 'ധുരന്ധറി'ൽ ഒപ്പം അഭിനയിച്ച ഡാനിഷ് പാണ്ടോർ വെളിപ്പെടുത്തിയിരുന്നു.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അക്ഷയ് ഖന്നയ്ക്ക് ഒപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. ഇന്ത്യ-പാക് വൈര്യമാണ് സിനിമയുടെ പശ്ചാത്തലം. തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി ശ്രദ്ധേയ ആയ സാറ അർജുൻ ആണ് നായിക.