
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. നെസ്ലിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം 2025 ഏപ്രില്‍ 11ന് തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
ചിത്രത്തില്‍ നെസ്ലിനൊപ്പം ഗണപതിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദീപക് പണിക്കര്‍ എന്നാണ് ഗണപതിയുടെ കഥാപാത്രത്തിന്റെ പേര്. ലുക്ക്മാന്‍ അവറാനും ചിത്രത്തിലുണ്ട്. ആന്റണി ജോഷ്വാ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. സന്ദീപ് പ്രദീപ്, ഫ്രാന്‍കോ ഫ്രാന്‍സിസ്, ബേബി ജീന്‍, കാര്‍ത്തിക് എന്നിവരും ചിത്രത്തിലുണ്ട്. കേന്ദ്ര കഥാപാത്രമായ നെസ്ലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ താരം ഉണ്ടായിരുന്നു.
ശ്രീനി ശശീന്ദ്രന്‍, ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തല്ലുമാലയ്ക്ക് ശേഷം വിഷ്ണുവും ഖാലിദും ഒന്നിക്കുന്ന സിനിമയാണിത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റര്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.