

ന്യൂ ഡൽഹി: സണ്ണി ഡിയോൾ ചിത്രം 'ബോർഡർ 2'നെ പ്രശംസിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. സുഹൃത്തായ വരുൺ ധവാന് ഈ വർഷം ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്ന് ആലിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനുവരി 23ന് റിലീസ് ആയ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആദ്യ ദിനം മുതൽ വമ്പൻ കളക്ഷനോടെ സിനിമ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.
"എന്ത് മനോഹരമായ സിനിമയാണിത്! എല്ലാ അഭിനേതാക്കളും ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സണ്ണി ഡിയോൾ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി, സോനം ബജ്‌വ തുടങ്ങി എല്ലാവരും മികച്ചുനിന്നു. എന്റെ പ്രിയ സുഹൃത്ത് (വരുൺ ധവാൻ) ഇതാ തകർപ്പൻ വിജയം കൈവരിച്ചിരിക്കുന്നു!!! ഓരോ ഫ്രെയിമിലും തന്റെ ഹൃദയവും ആത്മാവും നൽകി തനിക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കാര്യം അവൻ വീണ്ടും ചെയ്തിരിക്കുന്നു.. വരുൺ, നിന്നെ ഓർത്ത് എനിക്ക് വലിയ സന്തോഷമുണ്ട്. ഈ വർഷത്തിന് എന്ത് മികച്ച തുടക്കമാണിത്! മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ," എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ആലിയയുടെ പോസ്റ്റ് പങ്കുവച്ച വരുൺ സ്നേഹസൂചകമായി ഹൃദയത്തിന്റെ ഇമോജി നൽകി നന്ദി അറിയിച്ചു. ആലിയയും വരുണും 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' എന്ന ചിത്രത്തിലൂടെ ഒന്നിച്ച് കരിയർ ആരംഭിച്ചവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവ് കൂടിയാണ് ഈ പ്രശംസ.
1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അനുരാഗ് സിംഗ് ആണ് 'ബോർഡർ 2' ഒരുക്കിയിരിക്കുന്നത്. ' 'മേജർ ഹോഷിയാർ സിംഗ് ദഹിയ' എന്ന കഥാപാത്രത്തെയാണ് വരുൺ ധവാൻ സിനിമയിൽ അവതരിപ്പിക്കുന്നത്. 'ഗദർ 2'ന് ശേഷം സണ്ണി ഡിയോളിന്റെ മറ്റൊരു വമ്പൻ ഹിറ്റായി 'ബോർഡർ 2' മാറിക്കഴിഞ്ഞു.
ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, റിപ്പബ്ലിക് ദിനത്തിൽ ഏകദേശം 56 - 59 കോടി രൂപയോളമാണ് സിനിമ നേടിയത്. ഇത് ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന കളക്ഷനാണ്. ഇതോടെ റിപ്പബ്ലിക് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി 'ബോർഡർ 2' മാറി. 70 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ 'പത്താൻ' ആണ് ഒന്നാമത്. ഹൃത്വിക് റോഷന്റെ 'ഫൈറ്റർ' (39.5 കോടി) എന്ന ചിത്രത്തിന്റെ റെക്കോർഡും 'ബോർഡർ 2' മറികടന്നു. 150 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം കളക്ട് ചെയ്തത്. ആഗോള തലത്തിൽ 250 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചു.