

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ - അറ്റ്ലി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുന്നു. വെറുതെ '37' എന്ന് മാത്രം എഴുതിയിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. ഇതിന്റെ അർഥമെന്തെന്ന് തിരഞ്ഞ് തലപുകയ്ക്കുകയാണ് അല്ലു അർജുൻ ആരാധകർ.
ഈ '37' എന്ന നമ്പർ കൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആരാധകർക്കിടയിൽ ഒരു സിദ്ധാന്തം പ്രചരിക്കുന്നുണ്ട്. സംവിധായകൻ അറ്റ്‌ലിയുടെ ജന്മദിനം സെപ്റ്റംബർ 21നാണ് (3 x7-21). അതുകൊണ്ടുതന്നെ സെപ്റ്റംബർ 21ന് 'രാക'യുമായി ബന്ധപ്പെട്ട വലിയൊരു അപ്‌ഡേറ്റ് അല്ലെങ്കിൽ അനൗൺസ്‌മെന്റ് ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
'പുഷ്പ'യ്ക്ക് ശേഷമുള്ള അല്ലുവിന്റെ ഈ വമ്പൻ പ്രൊജക്റ്റിൽ താരം മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ളൊരു രൂപത്തിലായിരിക്കും എത്തുക എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകിയ സൂചന. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന 'രാക്ക'യുടെ നിർമാണം സൺ പിക്‌ചേഴ്‌സ് ആണ്. സൺ പിക്‌ചേഴ്‌സ്, അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നാണ്.
ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്ലി ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്റ്റ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
'രാജാ റാണി', 'തെരി', 'മെർസൽ', 'ബിഗിൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും 'ജവാൻ' എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്ലി ഒരുക്കുന്ന ചിത്രമാണിത്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്ലി ഇതുവരെ ചെയ്തിട്ടുള്ള ഴോണറുകളിൽ നിന്ന് വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക. പിആർഒ: ആതിര ദിൽജിത്ത്.