
അല്ലു അര്‍ജുന്‍ നിലവില്‍ ഇന്ത്യയിലെ തന്നെ വലിയ താരങ്ങളില്‍ ഒരാളാണ്. പുഷ്പ 2ന്റെ വിജയത്തോടെ അത് ഒന്നുകൂടെ തെളിയിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇപ്പോള്‍ സൗത്ത് എന്നോ നോര്‍ത്ത് എന്നോ ഇല്ല സിനിമ ഒന്നാണെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. അതിരുകള്‍ ബേധിച്ച് സഞ്ചരിക്കുന്ന ഏതൊരു സിനിമയും ദേശീയ സിനിമയാണെന്നും അല്ലു വ്യക്തമാക്കി.
'ഏത് സിനിമയ്ക്കും ഇപ്പോള്‍ ദേശീയ സിനിമയാകാന്‍ സാധിക്കും. തെലുങ്ക് ആയാലും ഹിന്ദി ആയാലും. അതിരുകള്‍ ബേധിച്ച് സഞ്ചരിക്കുന്ന ഏതൊരു സിനിമയും ദേശീയ സിനിമയാണെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് റോജ, അത് അതിരുകള്‍ ബേധിച്ച തമിഴ് സിനിമയായിരുന്നു. അതുകൊണ്ട് അത് തമിഴോ തെലുങ്കോ ഹിന്ദിയോ ആവാം. ഹം ആപ് കേ ഹേ കോന്‍, അല്ലെങ്കില്‍ ദില്‍ വാലേ ദുല്‍ഹനിയേ ലേജായേങ്കേ അത്തരത്തിലുള്ള ഏത് സിനിമയും അതിരുകള്‍ ബേധിച്ച് യാത്ര ചെയ്തവയാണ്. എല്ലാവരും അത് കണ്ടിട്ടുണ്ട്. സൗത്തിലെ അവസാനത്തെ ആള്‍ പോലും ആ സിനിമകള്‍ കണ്ടിട്ടുണ്ട്', അല്ലു അര്‍ജുന്‍ പറഞ്ഞു.
'ഇന്ത്യന്‍ പ്രേക്ഷകര്‍ ആനന്ദിക്കുന്നുണ്ടെങ്കില്‍ പിന്നെ നോര്‍ത്ത് എന്നോ സൗത്ത് എന്നോ ഇല്ല. സിനിമ ഒന്നാണ്. ഇപ്പോള്‍ അതിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നത്. പ്രാദേശികമല്ല മുന്‍പത്തെ പോലെ. ഇപ്പോള്‍ എല്ലാം ഒരു കാന്‍വാസാണ്. അതുകൊണ്ട് തന്നെ സിനിമ ഒന്നാണ് ഇന്ന്. അതിനാലാണ് നോര്‍ത്തില്‍ നിന്ന് സൗത്തിലേക്കും സൗത്തില്‍ നിന്ന് നോര്‍ത്തിലേക്കും റീമേക്കുകള്‍ ഉണ്ടാകുന്നത്. നമുക്ക് അതില്‍ വിവേചനം കാണിക്കാനാവില്ല. കാരണം നിരവധി സൗത്ത് അഭിനേതാക്കള്‍ ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. തിരിച്ചും അതുണ്ട്. അതുപോലെ തന്നെയാണ് ടെക്‌നീഷ്യന്‍സിന്റെ കാര്യത്തിലും. ഹിന്ദിയില്‍ നിന്നുള്ളവര്‍ സൗത്തിലും സൗത്തില്‍ നിന്നുള്ളവര്‍ ഹിന്ദിയിലും സിനിമ ചെയ്യുന്നു. ഇപ്പോള്‍ ഇതൊരു മിശ്രിതമായി മാറിയിരിക്കുകയാണ്. അത് തീര്‍ച്ചയായും നല്ലതാണ്', എന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
പുഷ്പ ഒരു സിനിമയല്ല മറിച്ച് വികാരമാണെന്ന് അല്ലു അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു. 'എന്നെ സംബന്ധിച്ച് പുഷ്പ സിനിമയല്ല. അഞ്ച് വര്‍ഷത്തെ യാത്രയാണ്. വികാരമാണ്. ഈ സിനിമയുടെ പ്രയ്തനവും വിജയവും ഞാന്‍ എന്റെ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങളെ ഞാന്‍ കൂടുതല്‍ അഭിമാനം കൊള്ളിക്കും. ഇതെന്റെ വാക്കാണ്. ഇതൊരു നല്ല തുടക്കമാണ്. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും കൊണ്ട് ഞാന്‍ നിങ്ങളെ അഭിമാനം കൊള്ളിക്കും', പുഷ്പയുടെ സക്സസ്സ് മീറ്റിലാണ് അല്ലു അര്‍ജുന്‍ ഇങ്ങനെ സംസാരിച്ചത്. പുഷ്പ 2ന് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നുണ്ട്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യവും പുറത്തുവിട്ടത്.
ആഗോള ബോക്സോഫീസ് കളക്ഷനില്‍ 1800 കോടിയ്ക്ക് മേലെ ലാഭമുണ്ടാക്കിയ ചിത്രമായിരുന്നു പുഷ്പ 2 ദി റൂള്‍. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുകുമാറിന്റെ സംവിധാനത്തില്‍ നിര്‍മിച്ച ചിത്രം ഈ വര്‍ഷം ജനുവരി 17 നായിരുന്നു റിലീസ് ചെയ്തത്. ഡി എസ് പിയുടെ സംഗീതത്തില്‍ പിറന്ന ചിത്രത്തിലെ ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. റിലീസ് ദിവസം ആദ്യ ഷോ നടക്കവെ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുകയും പിന്നീട് താരത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.