
'പുഷ്പ 2' ഇൻഡസ്ട്രി ഹിറ്റായ ശേഷം തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകൻ ആറ്റ്‌ലി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിലേക്ക് കടന്നിരുന്നു. ഏറ്റവുമൊടുവിലായി പേരിടാത്ത ഈ ചിത്രത്തിൽ അല്ലു അർജുൻ നാല് വേഷങ്ങളിലെത്തും എന്നാണ് വിവരം.
'എഎ 22 x എ 6' എന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ ദീപിക പദുക്കോൺ, രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൽ താക്കൂർ എന്നിവരുൾപ്പെടെ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ത്യൻ സിനിമയിൽ മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നൊരു ആഗോള ചിത്രമാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ആറ്റ്‌ലി പറഞ്ഞിരുന്നു. അതിനാൽ നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണിത്.
ഈ ചിത്രത്തിൽ അല്ലു അർജുൻ നാല് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നതെന്ന് അണിയറ പ്രവർത്തകർ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. "ആറ്റ്‌ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ മുഴുവൻ കുടുംബ പരമ്പരയേയും അവതരിപ്പിക്കും. ചിത്രത്തിൽ അദ്ദേഹം മുത്തച്ഛൻ, അച്ഛൻ, രണ്ട് ആൺമക്കൾ എന്നിങ്ങനെയുള്ള നാല് റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ മൾട്ടിപ്പിൾ റോൾ ചിത്രമായിരിക്കും," ഒരു വൃത്തം ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.