
'ഈ അമൽ ഡേവിസ് ആള് കൊള്ളാലോ'. 2023 ലെ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞതോടെ ആരാധകർക്ക് ഈ ഡയലോഗാണ് പറയാനുള്ളത്. മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയെടുത്തിരിക്കുകയാണ് 'പ്രേമലു' എന്ന ചിത്രത്തില്‍ അമൽ ഡേവിസ് ആയി വേഷമിട്ട സംഗീത് പ്രതാപ്. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിനാണ് സംഗീതിനെ തേടി പുരസ്‌കാരം എത്തിയിരിക്കുന്നത്.
'പ്രേമലു' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് സംഗീത് പ്രതാപ്. നായകനോടൊപ്പം തന്നെ പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രമായിരുന്നു സംഗീത് പ്രതാപ് ചെയ്ത അമൽ ഡേവിസ്. അമൽ ഡേവിസ് മാത്രമല്ല, സിനിമയിലെ ചില ഡയലോഗുകളും സൂപ്പർഹിറ്റ് ആയിരുന്നു. ഈ 'അമൽ ഡേവിസ് ആളൊരു രസികൻ തന്നെ', 'ഈ അമൽ ഡേവിസ് ആള് കൊള്ളാലോ' എന്ന ഡയലോഗുകള്‍ പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. ആരാധകർ മാത്രമല്ല, ഒട്ടനവധി താരങ്ങളും സംഗീത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
തണ്ണീർമത്തൻ ദിനങ്ങളിൽ സ്പോട് എഡിറ്ററായി പ്രവർത്തിക്കുന്ന സമയത്തതാണ് ഗിരീഷ് എ.ഡിയുമായി പരിചയത്തിലാകുന്നത്. അന്ന് സംഗീത്, എഡിറ്റർ ഷമീര്‍ മുഹമ്മദിന്റെ അസോസിയേറ്റ് ആയി പ്രവർത്തിക്കുകയായിരുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെയാണ് സംഗീത് ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയത്. ജയ് ഗണേഷ് എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ എഡിറ്ററും സംഗീത് ആയിരുന്നു. തൂവാനത്തുമ്പികൾ, ഇൻ ഹരിഹർ നഗർ എന്നീ ചിത്രങ്ങളിൽ ക്യാമറാമാൻ ആയി പ്രവർത്തിച്ച പ്രതാപ് കുമാർ ആണ് സംഗീതിന്റെ അച്ഛൻ.
അതേസമയം, ആടുജീവിതത്തിലെ നജീബിനെ അവിസ്മരണീയമാക്കിയ പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടൻ. സംവിധായകനും, മികച്ച തിരക്കഥക്കുമുള്ള പുരസ്‌കാരം ബ്ലെസി സ്വന്തമാക്കി. മികച്ച നടിയായി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദി കോര്‍' ആണ് മികച്ച സിനിമ. ഹിന്ദി സംവിധായകനും നിര്‍മാതാവുമായ സുധീര്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.