'ബാച്ച്‌ലർ പാർട്ടി' ഒഴിവാക്കാമായിരുന്നു, ജീവനില്ലാത്ത സ്പിരിച്വൽ സീക്വൽ; BACHELOR PARTY D'EUX REVIEW

എന്താണോ 'ബാച്ച്‌ലർ പാർട്ടി' ആ ടെംപ്ലേറ്റുനുള്ളിലേക്ക് പുതിയ ഒരു കഥയും കുറച്ചധികം കഥാപാത്രങ്ങളേയും ചേർത്താണ് ഈ പുതിയ 'പാർട്ടി' തട്ടിക്കൂട്ടിയിരിക്കുന്നത്
'ബാച്ച്‌ലർ പാർട്ടി D'eux' റിവ്യൂ
'ബാച്ച്‌ലർ പാർട്ടി D'eux' റിവ്യൂ
Published on: 
Updated on: 

2012ൽ അമൽ നീരദ് കേരള ബോക്സ് ഓഫീസിൽ ഒരു പാർട്ടി സംഘടിപ്പിച്ചു. ഒരു ബാച്ച്‌ലർ പാർട്ടി. അന്നത് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, ഓരോ വർഷം കഴിയും തോറും ആ ചിത്രത്തിന് വീര്യം കൂടി. ഫാൻസ് കൂടി. അതിനൊരു കൾട്ട് സ്റ്റാറ്റസ് ലഭിച്ചു. 14 വർഷങ്ങൾക്ക് ശേഷം അമൽ വീണ്ടും ഒരു പാർട്ടി സംഘടിപ്പിച്ചു - ബാച്ച്‌ലർ പാർട്ടി D'EUX. അതേ കാര്യപരിപാടികൾ തന്നെ. സ്പിരിച്വൽ സീക്വൽ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിച്ചത്. പക്ഷേ...ഈ സ്പിരിച്വൽ സീക്വലിന് ജീവനില്ല!

ഒരു അമൽ നീരദ് പടത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. തത്ത്വത്തിൽ. സ്ലോ മോഷനുണ്ട്, ഫൈറ്റുണ്ട്, സ്റ്റൈലിഷ് കോസ്റ്റ്യൂമുണ്ട്, തോക്കുണ്ട്, വെടിവെപ്പുണ്ട്. എന്നാൽ... വെടിവയ്ക്കുന്നവരും കൊള്ളുന്നവരും ഒരു ചലനവുമുണ്ടാക്കുന്നില്ല. തോക്കുകൾ വെറുതെ ശബ്ദമുണ്ടാക്കുന്നുവെന്ന് മാത്രം.

ഇത് 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗമല്ലെന്ന് ആദ്യമേ പറഞ്ഞല്ലോ. എന്താണോ 'ബാച്ച്‌ലർ പാർട്ടി' ആ ടെംപ്ലേറ്റുനുള്ളിലേക്ക് പുതിയ ഒരു കഥയും കുറച്ചധികം കഥാപാത്രങ്ങളേയും ചേർത്താണ് ഈ പുതിയ 'പാർട്ടി' തട്ടിക്കൂട്ടിയിരിക്കുന്നത്. അതുകൊണ്ട് നമുക്ക് താരതമ്യം ഒഴിവാക്കാം. ടൈറ്റിലുള്ള ഫ്രെഞ്ച് വാക്ക്, D'EUX സൂചിപ്പിക്കുന്ന പോലെ ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ചു'ള്ള കഥയാണിത്. ഈ അവർക്ക് വലിയ കഥയില്ലെന്നതാണ് സത്യം. അങ്ങനെ വലിയൊരു കഥ ആർക്കും വേണമെന്നില്ല. പക്ഷേ, ചുരുങ്ങിയപക്ഷം അവർക്കൊരു ക്യാരക്ടർ എങ്കിലും വേണ്ടേ. അവർ വൺലൈനറുകൾ പറയുന്നുണ്ട്. അത് പഞ്ചാണെന്ന് വിചാരിച്ചുകൊള്ളണം. അവർ തമാശ പറയുന്നുണ്ട്. അത് തമാശയാണെന്ന് സങ്കൽപ്പിച്ചുകൊള്ളണം. പറ്റിയാൽ ചിരിക്കണം. അവർ സ്ളോ മോഷനിൽ നടക്കും. അത് സ്വാഗാണെന്ന് കരുതണം. ഇവർ പറയുന്നതിനോ, ചെയ്യുന്നതിനോ യാതൊരു പൊരുത്തവും ഉണ്ടാകില്ല. അതാണ് ഈ സിനിമയുടെ പ്രധാന പോരായ്മ. കഥാപാത്രങ്ങൾ അനാഥപ്രേതങ്ങളെപ്പോലെയാണ്. അവരെ ആരെങ്കിലുമൊക്കെയായി സങ്കൽപ്പിക്കേണ്ട ചുമതല, അല്ല ബാധ്യത ആരുടെയൊക്കെയോ ആണ്.

'ബാച്ച്‌ലർ പാർട്ടി D'eux' റിവ്യൂ
സീൻ മാറ്റി നസ്‌‌ലൻ; സൂര്യയുടെ ഹാട്രിക് ഹിറ്റ് | 'സീൻ' റിവ്യൂ | SCENE REVIEW

രണ്ട് മണിക്കൂർ 12 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം തുടക്കം മുതൽ അവസാനം വരെ നമ്മുടെ ക്ഷമയെ പലവട്ടം പരീക്ഷിക്കുന്നുണ്ട്. അതിനൊരു പ്രോത്സാഹന സമ്മാനം എന്ന നിലയ്ക്ക് പോലും ഒരു ഹൈ മൊമന്റ് ചിത്രത്തിലില്ല. യുവ താരങ്ങളും മലയാളത്തിലെ മുൻനിര താരങ്ങളുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നസ്‌ലൻ, നാദിയ മൊയ്തു, കുഞ്ചാക്കോ ബോബൻ, രജീഷ വിജയൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ് അങ്ങനെ വലിയൊരു താരനിര. ഇവരിലെ താരങ്ങളേയോ അഭിനേതാക്കളെയോ വെല്ലുവിളിക്കാനോ, അവരുടെ മാറ്റ് അളക്കാനോ അമൽ ശ്രമിച്ചതായി തോന്നുന്നില്ല. ഒരു കയ്യിൽ സിഗരറ്റും മറുകയ്യിൽ തോക്കും കൊടുത്ത് അവരെ അഴിച്ചുവിടുകയായിരുന്നു എന്ന് തോന്നി. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച പ്രഭു , സമീപകാലത്ത് നടൻ അവതരിപ്പിച്ച ഏറ്റവും മോശം ക്യാരക്ടർ ആണ്. ക്രിഞ്ച് വർത്തമാനത്തിലും പ്രവൃത്തിയിലുമുള്ള ഹൈ ക്ലാസ് വില്ലൻ സ്ക്രീനിൽ ഒരു പഞ്ചും കൊണ്ടുവരുന്നില്ല.

പിന്നെ എടുത്തുപറയേണ്ട ഒരു കാര്യം ഉണ്ണി ആറിന്റെ സംഭാഷണങ്ങളാണ്. "ബിലാൽ ഒരു ദിവസം കൊച്ചിയിൽ ഉണ്ടായിരുന്നു" എന്ന ഒറ്റ വൺലൈനറിൽ ആ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് മുഴുവൻ ഉൾക്കൊള്ളിച്ച ഉണ്ണി ആർ ഈ ചിത്രത്തിലും ഒരുപാട് ഒറ്റ വരി ഡയലോഗുകൾ എഴുതിയിട്ടുണ്ട്. ആദ്യ 'ബാച്ച്‌ലർ പാർട്ടി'യുടെ 'സോൾ' എവിടെയൊക്കെയോ ഈ സംഭാഷണങ്ങളിൽ ഉണ്ട് താനും. പക്ഷേ, പരിചരണവും ഡയലോഗ് ഡെലിവറിയും ആ ഉള്ള 'സോൾ' കൂടി ചോർത്തിക്കളയുന്നു. ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതിന്റെ ഇംപാക്ട് പശ്ചാത്തല സംഗീതം കെടുത്തിക്കളയും. ക്രിസ്റ്റോ സേവറ്യറിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയിൽ നിന്ന് വേറിട്ടുനിൽക്കുന്നതായാണ് തോന്നിയത്. വിശേഷിച്ച് പാട്ടുകൾ. രസംകൊല്ലികൾ എന്നവയെ വിശേഷിപ്പിക്കാമായിരുന്നു. പക്ഷേ, അതിന് മുൻപും ശേഷവും രസകരമായി ഒന്നും സംഭവിക്കാത്തത് കൊണ്ട് ആ വിശേഷണം ഒഴിവാക്കാം.

'ബാച്ച്‌ലർ പാർട്ടി D'eux' റിവ്യൂ
യഷിന്റെ രാവണൻ തകർത്തു, രൺബീറിന്റെ രാമൻ നിരാശപ്പെടുത്തി| രാമായണ റിവ്യൂ | RAMAYANA REVIEW

അമൽ നീരദിന്റെയും സംഘത്തിന്റെയും അടുത്തുനിന്ന് ഒരുപാട് പ്രതീക്ഷിച്ചത് കൊണ്ടല്ല ഈ ചിത്രം നിരാശപ്പെടുത്തുന്നത്. സിനിമയ്ക്ക് മുൻപ് പുറത്തുവിട്ട പ്രൊമോഷൻ മെറ്റീരിയലുകൾ എല്ലാം പ്രതീക്ഷയുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നതായിരുന്നു. സിനിമ തുടങ്ങി, നസ്‌ലന്റെ നറേഷൻ തുടങ്ങിയപ്പോൾ തന്നെ അത് പൂർണമായി. സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്ക് കൈകടത്തുകയല്ല; D'EUXന് ഒപ്പമുള്ള ആ 'ബാച്ച്ലർ പാർട്ടി' ഒഴിവാക്കാമായിരുന്നു. അയ്യപ്പനേയും മച്ചാന്മാരേയും ഇതിലേക്ക് വലിച്ചിഴയ്ക്കാതിരിക്കാമായിരുന്നു.