

കൊച്ചി: മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ 'ബിലാൽ'. 'ബിഗ് ബി' എന്ന കൾട്ട് സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയ്ക്ക് സിനിമ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം തികയുന്നു. എന്നാൽ ഇതുവരെ പടത്തിന്റെ അപ്ഡേറ്റൊന്നും പുറത്തുവന്നിട്ടില്ല. നിരാശരായ ആരാധകർ അമലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കുകയാണ്. എവിടെ ബിലാൽ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം?
2017 നവംബർ 17നാണ് അമൽ നീരദ് 'ബിലാൽ' ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയത്. 'കമിങ് ബ്ലഡി സൂണ്‍' എന്ന കുറിപ്പോടെയാണ് മമ്മൂട്ടിയുടെ ഫോട്ടോയ്‌ക്കൊപ്പം സിനിമയുടെ പ്രഖ്യാപനം. എന്നാല്‍, പിന്നീട് വിവിധ സിനിമകളുടെ തിരക്കുകളിലേക്ക് സംവിധായകനും മമ്മൂട്ടിയും നീങ്ങി. ഓരോ പടത്തിന് ശേഷവും ഉടൻ 'ബിലാൽ' ഉണ്ടാകുമെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായെങ്കിലും സിനിമ സംഭവിച്ചില്ല.
'ബോഗെയ്‌ൻവില്ല' ആണ് അവസാനമായി ഇറങ്ങിയ അമൽ നീരദ് ചിത്രം. പങ്കാളി കൂടിയായ ജ്യോതിർമയി ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏഴ് അവാർഡുകളാണ് 'ബോഗയ്ൻവില്ല' സ്വന്തമാക്കിയത്.
അതേസമയം, 'കളങ്കാവൽ' ആണ് അടുത്തതായി റിലീസ് ആകുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ ജിതിൻ.കെ ജോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നവംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും.