അമൽ നീരദിന്‍റെ 'ബോഗെയിൻവില്ല' തിയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗെയിൻവില്ല
അമൽ നീരദിന്‍റെ 'ബോഗെയിൻവില്ല' തിയേറ്ററുകളിലേക്ക്
Published on

അമൽ നീരദിന്റെ പുതിയ ചിത്രം ബോഗെയിൻവില്ലയുടെ റിലീസ് തിയതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ. കുഞ്ചാക്കോ ബോബൻ ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 17 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോ ഗാനമായ 'സ്തുതി' പുറത്തിറങ്ങിയതിന് പിന്നാലെയാണ് റിലീസ് തീയതിയുമായി പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്‌.


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്തുതി ഗാനത്തിൽ സുഷിന് ശ്യാമും കുഞ്ചാക്കോ ബോബനും ഒപ്പം ജ്യോതിർമയിയുമാണ് ഉണ്ടായിരുന്നത്. യൂ ട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഈ ഗാനം ഇതിനകം തന്നെ ഇടം നേടി കഴിഞ്ഞു. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിനായക് ശശികുമാറാണ് വരികള്‍ രചിച്ചിരിക്കുന്നത്. മേരി ആന്‍ അലക്‌സാണ്ടര്‍, സുഷിന്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ക്ക് പുറമെ ഷറഫുദ്ദീന്‍, സൃന്ദ, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ന്‍വില്ല'.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com