
ഒരു മനുഷ്യനെ 24 മണിക്കൂർ പിന്തുടർന്നാല്‍ അയാളെപ്പറ്റി നമുക്ക് എന്തൊക്കെ വിവരങ്ങള്‍ ലഭിക്കും. അയാള്‍ ആ ചുരുങ്ങിയ സമയം കൊണ്ട് ഇടപെടുന്ന ആളുകളില്‍ (അപരരിൽ) നിന്ന് അയാളുടെ ജീവിതത്തെപ്പറ്റി ഒരു ഊഹം ലഭിച്ചേക്കാം. 'സ്റ്റോളന്‍' എന്ന ആമസോണ്‍ പ്രൈം ഒറിജിനലില്‍ കരണ്‍ തേജ്‌പാല്‍ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ വിധമാണ്.
24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥ. ആ കഥയുടെ ഭാഗമാകുന്നവരെ പ്രേക്ഷകർ കാണുന്ന നിമിഷം മുതല്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. വിശദമായ പരിചയപ്പെടലൊക്കെ പിന്നീടാണ്. സാമ്പ്രദായക രീതി അനുസരിച്ച് അവർ എന്താണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളൊന്നും ഈ സിനിമയുടെ തുടക്കത്തിലില്ല. എല്ലാം പിന്നേക്ക് വെച്ചിരിക്കുകയാണ്. അതൊരുതരത്തില്‍ സിനിമയുടെ ത്രില്ലർ സ്വഭാവത്തിന് ഗുണം ചെയ്തിട്ടുണ്ട്. ആരാണ് എന്നറിയാത്തവരുടെ കൂടെയുള്ള യാത്ര ഏതൊരാളുടെ മനസിലും ഒരു സംശയം ബാക്കിവെച്ചേക്കും. ആ സംശയത്തിന്റെ ഇത്തിരിവട്ടത്തിലാണ് ഈ സിനിമ ഒരു ത്രില്ലർ ആകുന്നത്. അതേ സംശയം തന്നെയാണ് സിനിമയെ ഒരു സോഷ്യൽ കമന്ററി ആക്കുന്നതും.
ഉത്തരേന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സിനിമ തുടങ്ങുന്നത്. അഞ്ച് മാസം പ്രായമുള്ള മകളെ അടുത്തുകിടത്തി സ്റ്റേഷന്‍ ബെഞ്ചില്‍ കിടന്നുറങ്ങുന്ന ജുമ്പാ എന്ന ബംഗാളി യുവതി. ഗാഢനിദ്രയില്‍ കുഞ്ഞിനെ ആരോ എടുത്തുകൊണ്ടുപോകുന്നത് അവള്‍ അറിയുന്നില്ല. അത് തിരിച്ചറിയുന്ന നിമിഷം അവള്‍ പരിഭ്രാന്തയാകുന്നു. ചുറ്റും നോക്കുന്ന അവൾ തന്റെ കുഞ്ഞിന്റെ തൊപ്പിയും പിടിച്ചു നില്‍ക്കുന്ന രമണിനെ കാണുന്നു. അവനെ കടന്നുപിടിക്കുന്നു. തന്റെ 'ചമ്പ എവിടെ' എന്ന് അലമുറയിടുന്നു. ട്രെയിന്‍ ഇറങ്ങി ജ്യേഷ്ഠനെ കാത്തു നിന്നിരുന്ന ആ യുവാവിന് ഒന്നും മനസിലാകുന്നില്ല. ആളുകള്‍ കൂടുന്നു. പിന്നെ പറയണ്ടല്ലോ, അവരുടെ വക വിചാരണയായി.
ഇതിനിടയിലേക്കാണ് രമണിന്റെ ജ്യേഷ്ഠന്‍ ഗൗതം വരുന്നത്. അയാള്‍ ആളുകളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല. അവർ പിള്ളാരെപ്പിടുത്തകാരാണെന്ന് ആള്‍ക്കൂട്ടം വിധിയെഴുതുന്നു. അവരുടെ ചിത്രങ്ങള്‍ പകർത്തുന്നു. പൊലീസ് വന്ന് രംഗം ശാന്തമാക്കുമ്പോള്‍ ആ സംഭവം അവിടെ അവസാനിച്ചുവെന്നാകും പ്രേക്ഷകർ കരുതുക. എന്നാല്‍, എളുപ്പത്തില്‍ ഊരിപ്പോരാവുന്ന ആ കെട്ട് രമണിന്റെ 'അനുകമ്പ' ഊരാക്കുടുക്കാക്കുന്നു. ഇവിടെ നിന്നാണ് 'സ്റ്റോളന്‍' എന്ന സർവൈവൽ ത്രില്ലർ ആരംഭിക്കുന്നത്.
കഥയിലൂടെ വികസിക്കുന്ന കഥാപാത്രങ്ങളും കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന കഥാഗതിയുമാണ് സ്റ്റോളന് ഉള്ളത്. സിനിമയുടെ തുടക്കത്തില്‍ നാം കാണുന്ന മൂന്ന് കഥാപാത്രങ്ങള്‍, ഗൗതം, രമണ്‍, ജുമ്പ എന്നിവരെയല്ല കഥയുടെ പകുതി വഴിയിലും അവസാനത്തിലും നമ്മള്‍ കാണുന്നത്. അവരെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടിലാണ് കഥയുടെ മർമം കിടക്കുന്നത്. ജുമ്പയാണ് ഈ കഥയുടെ ഫോക്കല്‍ പോയിന്റ്. കുട്ടിയെ നഷ്ടപ്പെട്ട ദിവസക്കൂലിക്കാരിയായ ആ സ്ത്രീയോട് പ്രേക്ഷകർക്ക് പ്രഥമദൃഷ്ട്യാ തോന്നുന്ന അനുകമ്പയാണ് രമണ്‍. അവളെ സംശയദൃഷ്ടിയോടെ നോക്കുന്നവരുടെ പ്രതിനിധിയാണ് ഗൗതം. ഈ സഹോദരങ്ങളുടെ കാഴ്ചപ്പാടുകള്‍ കഥ പുരോഗമിക്കവേ മാറിമറിയുന്നു. കുട്ടിയെ നഷ്ടപ്പെട്ട അമ്മയില്‍ നിന്ന് ജുമ്പയുടെ നിർവചനം മാറുന്നതിന് അനുസരിച്ച് അവളോട് ഈ സഹോദരങ്ങള്‍ (കാണികള്‍) ഇടപെടുന്ന വിധവും മാറുന്നു.
കഥ മുന്നോട്ടു പോകുംതോറും ജുമ്പ നമ്മുടെ കാഴ്ചയിൽ ഒരു മോഷ്ടാവാകുന്നു. പിന്നീട് ഒരു ഇരയും. ഇന്ത്യയിൽ ചൂഷണം ചെയ്യപ്പെടുന്ന ലക്ഷക്കണക്കിന് വനിതാ തൊഴിലാളികളുടെ പ്രതിനിധിയാണവൾ. സ്വന്തം വർഗത്തെ തിരിച്ചറിയാനാകാത്ത വിധം സമൂഹം മാറി എന്ന് ജുമ്പയ്ക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾ വ്യക്തമാക്കുന്നു. അവളുടെ ഉത്തരങ്ങൾ കേൾക്കാൻ ആർക്കും സമയമില്ല. ഇതുവഴി മുൻവിധികളിലൂടെയാണ് നമ്മൾ ഒരു വ്യക്തിയെ മനസിലാക്കുന്നതെന്ന് സിനിമ വീണ്ടും ഉറപ്പിക്കുന്നു. താൻ ആരെന്നും തനിക്ക് നഷ്ടപ്പെട്ടതിന്റെ വിലയെന്തെന്നും ജുമ്പ 'തുറന്നു'കാട്ടുന്നതു വരെ അവൾ നമ്മുടെ സംശയദൃഷ്ടിയിലാണ്.
'പാതാൾലോകിലെ' ഹതോടി ത്യാഗിക്ക് ശേഷം അഭിഷേക് ബാനർജിക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ് ഗൗതം. ഈ കഥാപാത്രത്തെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ട്. പണം കൊണ്ട് ചിന്തിക്കുന്ന ഒരു മനുഷ്യൻ. അതുകൊണ്ടാണ്, ജുമ്പ സഹായിക്കണം എന്ന് പറയുമ്പോൾ അയാൾ ഒരു 500 രൂപാ നോട്ട് നീട്ടുന്നത്. അയാൾക്ക് സഹായിക്കാൻ അറിയുന്ന വിധം അതാണ്. പങ്കാളി നഷ്ടപ്പെട്ട രമണിന്റെ വിഷമത്തോട് പോലും അനുതാപത്തോടെ പെരുമാറാൻ അയാൾക്ക് സാധിച്ചിട്ടില്ല. കരയാൻ ഒരു തോൾ അന്വേഷിച്ച രമണിനോട് അന്ന് അയാൾ പറയുന്നത് മൂവ് ഓൺ എന്നാണ്. അയാളെ അത്തരം വികാരങ്ങൾ ബാധിക്കുന്നില്ല. കാരണം, പണത്തിന്റെ ലോകത്തെ ചലന നിയമങ്ങൾ വ്യത്യസ്തമാണ്. അവിടെ മുന്നിലുള്ള ഒരാൾ നിന്നാൽ അത് സാധ്യതയാണ്. കൂടെയുള്ള ആൾ നിശ്ചലനായാൽ അത് ബാധ്യതയാണ്. എന്നാൽ ജുമ്പയും സഹോദരനും അയാളെ കൊണ്ടു ചെന്നിടുന്നത് ഇത്തരം ആർജിത അറിവുകൾക്ക് ഘടകവിരുദ്ധമായ സന്ദർഭങ്ങളിലേക്കാണ്. അദ്യ ഫ്രെയിമിൽ നമ്മൾ കാണുന്ന ഗൗതം ഭൻസാലിനും അവസാന ഫ്രെയിമിൽ കാണുന്ന മനുഷ്യനും ഇടയിൽ വലിയ ദൂരമുണ്ട്. അയാൾ പോലും അറിയാതെ എപ്പോഴോ അയാളിലെ മുൻവിധികൾ മോഷ്ടിക്കപ്പെടുന്നു.
നിരവധി പരിണാമങ്ങൾക്കിപ്പുറവും മനുഷ്യനിൽ മൃഗവാസനകൾ ഒളിഞ്ഞുകിടക്കുന്നുവെന്ന സത്യം വിളിച്ചു പറയുന്നുണ്ട് ഈ സിനിമ. ആൾക്കൂട്ടം എങ്ങനെയാണ് ഒരു വ്യക്തിയെ (ഒരു വിഭാഗത്തെ) ലക്ഷ്യം വെച്ച് ആക്രമിക്കുന്നതെന്നും അവരുടെ മനോനില എന്താണെന്നുമുള്ള കൃത്യമായ വിവരണം കൂടിയാണ് 'സ്റ്റോളൻ'. ആൾക്കൂട്ടത്തെ പൗരബോധമുള്ളവരാക്കാൻ, പ്രകോപ്പിപ്പിക്കാൻ 'ഇവർ നിങ്ങളുടെ കുട്ടികളെ തട്ടിയെടുക്കും' എന്ന ഒരു വാട്സ്ആപ്പ് സന്ദേശം മതിയാകും. പിന്നെ വ്യക്തിയായി നിന്ന് ആലോചിക്കാൻ ആളുകൾ മെനക്കെടില്ല. അവർ സംഘടിക്കും. സത്യം എന്താണെന്ന് തിരക്കാതെ കൈയ്യിൽക്കിട്ടുന്ന ആയുധങ്ങളുമായി അവർ വേട്ടയ്ക്കിറങ്ങും. എന്നാൽ ഇതൊരു ഉൾനാടൻ ഉത്തരേന്ത്യൻ പ്രതിഭാസം മാത്രമല്ല. ആളുകളുടെ രൂപവും വേഷവും നിറവും കണ്ട് കയ്യും കാലും കെട്ടിയിട്ട് മർദിക്കുന്നവർ മെട്രോ സിറ്റികളിലും സുലഭമായുണ്ട്. ഈ വിദ്യാസമ്പന്നർക്ക് ചൊടിക്കാൻ വാട്സ്ആപ്പ് സന്ദേശത്തിന്റെ ആവശ്യം പോലുമില്ലെന്നതാണ് യാഥാർഥ്യം. മുൻവിധികൾ തന്നെ ധാരാളം.
ഇത്തരം സഹജീവികൾക്കിടയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഒരു വ്യക്തിക്ക് 'തന്റേത്' എന്ന് അവകാശപ്പെടാൻ സ്വന്തം ഗർഭപാത്രം പോലും ഇല്ലെന്നാണ് ജുമ്പ പ്രേക്ഷകരോട് വിളിച്ചുപറയുന്നത്. അവർ 'തന്റേത്' വീണ്ടെടുത്താൽ അത് മോഷണമാണ്. അവരെ കുറ്റവാളികളായി നമ്മുടെ കണ്ണുകൾ പെട്ടെന്ന് തിരിച്ചറിയും. അതിനുള്ള പരിശീലനം നമുക്ക് പണ്ടേക്ക് പണ്ടേ സിദ്ധിച്ചതാണ്. അവനവന് ആത്മസുഖം ലഭിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് അപരന്റെ ജീവിത പരിസരത്തിലേക്ക് ഇറങ്ങുമ്പോഴേ നമുക്ക് തിരുത്തി കാണാനുള്ള ശേഷി കൈവരികയുള്ളു. അതുവരെ ജുമ്പ നമുക്ക് അപരിചിതയാണ്. ഒരു ത്രില്ലറിലെ കേവലം പ്ലോട്ട് പോയിന്റ് മാത്രമാണ്. സഹജീവി വെറും 'അപര'ജീവി മാത്രമാണ്.