
ജെയിംസ് ഗണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍മാന്‍ ബോക്‌സ് ഓഫീസില്‍ വിജയകുതിപ്പ് തുടരുകയാണ്. ആഗോള തലത്തില്‍ 217 മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ നാല് ദിവസം കൊണ്ട് നാല് മില്യണ്‍ ഡോളറും നേടി. പക്ഷെ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയമല്ല, മറിച്ച് ഇന്ത്യയിലെ സെന്‍സര്‍ഷിപ്പാണ്. ചിത്രത്തില്‍ ഡേവിഡ് കോറന്‍സ്വെറ്റും റേച്ചല്‍ ബ്രോസ്നഹാനും തമ്മിലുള്ള ചുംബന രംഗങ്ങള്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ചിത്രത്തിന്റെ ഒറിജിനല്‍ വേര്‍ഷന്‍ അല്ല ഇന്ത്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഈ വിഷയത്തില്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ സൂപ്പര്‍മാന്‍ ആരാധകര്‍. ചിത്രത്തിലെ സുപ്രധാന ചുംബന രംഗവും വൈകാരികവും തീവ്രവുമായി ഒരു സ്വീക്വന്‍സും നീക്കം ചെയ്തതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വിഷയം വാര്‍ത്തയാക്കിയിരുന്നു. എന്റര്‍ട്ടെയിന്‍മെന്റ് വീക്കിലിയില്‍ വന്ന ഒരു ലേഖനത്തിനോട് അമേരിക്കന്‍ ആരാധകര്‍ പ്രതികരിച്ചത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
"അവരല്ലേ കാമസൂത്ര എഴുതിയത്?", എന്നായിരുന്നു ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ഇന്ത്യ 1800കളിലാണ് ജീവിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ വയലന്‍സ് കാണിക്കാന്‍ പ്രശ്‌നമില്ല എന്നാല്‍ പരസ്പര സമ്മതത്തോടെ ചുംബിക്കുന്നതാണ് പ്രശ്‌നമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. എന്തായാലും സിബിഎഫ്‌സിയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരിക്കുകയാണ് അമേരിക്കന്‍ ആരാധകര്‍.
ഇന്ത്യന്‍ ആരാധകര്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രേക്ഷകരെ പിന്തുണച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനെ ഇനിയും രൂക്ഷമായി തന്നെ വിമര്‍ശിക്കണം എന്ന അഭിപ്രായമാണ് ഇന്ത്യന്‍ ആരാധകര്‍ പങ്കുവെച്ചത്.
അതേസമയം ജൂലൈ 11നാണ് 'സൂപ്പര്‍മാന്‍' ആഗോള റിലീസായ തിയേറ്ററിലെത്തിയത്. ഡേവിഡ് കോറന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്‍ ആയി ചിത്രത്തില്‍ എത്തിയത്. റേച്ചല്‍ ബ്രോസ്നഹാനും പ്രധാന കഥാപാത്രമാണ്. നിക്കോളാസ് ഹോള്‍ട്ട്, ബ്രാഡ്‌ലി കൂപ്പര്‍, സാറാ സാംപിയോ, സ്‌കൈലര്‍ ഗിസോണ്ടോ, ഫ്രാങ്ക് ഗ്രില്ലോ, നഥാന്‍ ഫിലിയോണ്‍, മില്ലി ആല്‍കോക്ക് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.