
നടി ദീപിക പദുകോണ്‍ അടുത്തിടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ദീപികയുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതിനാലാണ് സന്ദീപ് റെഡ്ഡി ദീപികയെ നായിക സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ദീപിക വിവാദങ്ങള്‍ക്കിടയില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. തനിക്ക് സമാധാനം നല്‍കുന്ന തീരുമാനങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുമെന്നാണ് ദീപിക പറഞ്ഞത്. കാര്‍ട്ടിയറിന്റെ ഒരു ഇവന്റില്‍ വോഗ് അറേബ്യയോട് സംസാരിക്കവെയാണ് ദീപിക ഇക്കാര്യം പറഞ്ഞത്.
"സത്യസന്ധതയും ആധികാരികതയും പുലര്‍ത്തുന്നതാണ് എന്നെ ജീവിതത്തില്‍ സന്തുലിതമായി നിലനിര്‍ത്തുന്നതെന്ന് ഞാന്‍ കരുതുന്നു", ദീപിക പറഞ്ഞു.
"എപ്പോഴെങ്കിലും ഞാന്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ നിറഞ്ഞ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ എന്റെ ഉള്ളിലെ ആ ശബ്ദത്തെ ഞാന്‍ കേള്‍ക്കും. എന്നിട്ട് തീരുമാനമെടുക്കും. എനിക്ക് സമാധാനം തരുന്ന തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കും. അപ്പോഴാണ് എനിക്ക് ജീവിതത്തില്‍ സന്തുലിതമായി നിലകൊള്ളാന്‍ കഴിയുന്നത്", എന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
ദീപിക പദുകോണിനെ 'സ്പിരിറ്റില്‍' നിന്ന് മാറ്റി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സന്ദീപ് റെഡ്ഡി വാങ്ക തന്റെ പുതിയ നായിക ആരാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. ബോളിവുഡ് താരം ത്രിപ്തി ദിമ്രിയാണ് സന്ദീപിന്റെ ചിത്രത്തിലെ പുതിയ നായിക. അതിന് ശേഷം സന്ദീപ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു.
"ഞാന്‍ ഒരു അഭിനേതാവിനോട് കഥ പറയുമ്പോള്‍ 100 ശതമാനം വിശ്വാസമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഔദ്യോഗികമല്ലാത്ത വാക്കാല്‍ ഉള്ള ഒരു കരാര്‍ രൂപപ്പെടുന്നു. അത് ചെയ്യുന്നതിലൂടെ നിങ്ങള്‍ ആ വ്യക്തിക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെടുകയാണ്. ഒരു യുവ അഭിനേതാവിനെ താഴ്ത്തികെട്ടുകയും എന്റെ കഥ ഇല്ലാതാക്കുകയും ചെയ്തു. ഇതാണോ നിങ്ങളുടെ ഫെമിനിസം? ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ജോലിയില്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ച് സിനിമയാണ് എല്ലാം. നിങ്ങള്‍ക്ക് അത് ഒരിക്കലും മനസിലാവില്ല. അടുത്ത തവണ, കഥ മുഴുവന്‍ പറയണം. കാരണം എനിക്ക് ഇതൊന്നും വലിയ കാര്യമല്ല. നിങ്ങളുടെ ഡേര്‍ട്ടി പിആര്‍ ഗെയിംസ്", എന്നാണ് സന്ദീപ് റെഡ്ഡി എക്സില്‍ കുറിച്ചത്.