
'അമ്മ' തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച നിരവധി താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നടി നവ്യ നായരും മത്സരത്തില്‍ നിന്ന് പിന്മാറി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രികയാണ് നടി പിന്‍വലിച്ചത്.
നേരത്തെ നടന്‍ ജഗദീഷും പത്രിക പിന്‍വലിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു ജഗദീഷ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംഘടനയില്‍ വനിതാ നേതൃത്വം വരണമെന്നതിനെ പിന്തുണച്ചുകൊണ്ടാണ് ജഗദീഷ് ഈ തീരുമാനം എടുത്തത്. നിലവില്‍ ശ്വേത മേനോന്‍, ദേവന്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെതിരെ സംഘടനയിലെ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ നടന്‍ ബാബുരാജും പത്രിക പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി മാറുകയാണെന്നാണ് ബാബുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തീരുമാനം ആരെ ഭയന്നിട്ടല്ലെന്നും വിഴുപ്പലക്കാന്‍ വയ്യെന്നും ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.