
കൊച്ചി: നടൻ വിനായകന്റെ പ്രവൃത്തിയിൽ അമർഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന 'അമ്മ'. അടൂർ ഗോപാലകൃഷ്ണൻ, കെ.ജെ. യേശുദാസ് എന്നിവരെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടന ഖേദം പ്രകടിപ്പിച്ചു. ഇന്നലെ ചേർന്ന 'അമ്മ'യുടെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് വിഷയം ചർച്ചയായത്.
"മലയാള സിനിമയുടെ യശസ്സ് അന്തർ ദേശീയ തലത്തിൽ ഉയർത്തിയ പത്മ വിഭൂഷൺ ജേതാക്കളായ അടൂർ ഗോപാലകൃഷ്‌ണൻ, യേശുദാസ് എന്നീ മഹനീയ വ്യക്തിത്വങ്ങളെ സമൂഹമധ്യത്തിൽ അപകീർത്തിപരമായ ഭാഷകൊണ്ട് അധിക്ഷേപിച്ച വിനായകന്റെ ചെയ്തികളിൽ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അമർഷവും, ഖേദവും രേഖപ്പെടുത്തുകയും, പ്രസ്തുത വിഷയത്തിലുള്ള അമ്മയുടെ പ്രധിഷേധം ഇതിനാൽ രേഖപ്പെടുത്തുകയും ചെയുന്നു" - പ്രസ്താവനയില്‍ പറയുന്നു.
ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് ആദ്യന്തര അന്വേഷണത്തിനായി അഞ്ചംഗ സമതിയെ രൂപീകരിക്കാനും തീരുമാനമായി. വിഷയവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ലഭ്യതയും സമയവും അനുസരിച്ച് 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മറ്റി മീറ്റിംഗിൽ തീരുമാനമായത്.
17 അംഗ കമ്മിറ്റിയിൽ 16 പേരാണ് മീറ്റിങ്ങളില്‍ പങ്കെടുത്തത്. 'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ കമ്മിറ്റിക്ക് സാധിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ്റെ നേതൃത്വത്തിൽ വിവിധയിനം പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കൈനീട്ടം, സഞ്ജീവനി തുടങ്ങി അമ്മയുടെ നിലവിലുള്ള പദ്ധതികൾ കമ്മിറ്റി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകും. അംഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പദ്ധതി ചർച്ചകളും മീറ്റിങ്ങിൽ നടന്നതായി 'അമ്മ'യുടെ പ്രസ്താവനയില്‍ പറയുന്നു .