രേഖ ആകേണ്ടിയിരുന്നത് അനശ്വരയായിരുന്നില്ല: ജോഫിന്‍ ടി ചാക്കോ

റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അത് ബോക്‌സ് ഓഫീസിലും പ്രതിഫലിച്ചിരുന്നു
രേഖ ആകേണ്ടിയിരുന്നത് അനശ്വരയായിരുന്നില്ല: ജോഫിന്‍ ടി ചാക്കോ
Published on


ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി 9ന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ അനശ്വര രാജനും കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തില്‍ രേഖ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ ആദ്യം അനശ്വരയായിരുന്നില്ല രേഖ ആകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജോഫിന്‍ ടി ചാക്കോ. സിനിമ എക്‌സ്‌പ്രെസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജോഫിന്‍ ടി ചാക്കോ ഇക്കാര്യം പറഞ്ഞത്.

'സിനിമയില്‍ ആദ്യം രേഖ എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് അനശ്വരയായിരുന്നില്ല. എന്നാല്‍ മോഹന്‍ലാലിന്റെ നേര് എന്ന സിനിമ കണ്ട ശേഷമാണ് ആ കഥാപാത്രത്തിനായി അനശ്വര മതിയെന്ന് തീരുമാനിച്ചത്', ജോഫിന്‍ പറഞ്ഞു. സിനിമയ്ക്ക് റീമേക്ക് ഓഫറുകള്‍ വരുന്നതിനെ കുറിച്ചും ജോഫിന്‍ സംസാരിച്ചു.

'എന്നെ അതിശയിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്നുള്ള നിരവധി പ്രമുഖ ബാനറുകള്‍ രേഖാചിത്രത്തിന്റെ റീമേക്ക് ഓഫറുകളുമായി എന്നെ സമീപിച്ചു. ഒരു പ്രമുഖ തമിഴ് നടനും റീമേക്കിനായി എന്നെ സമീപിച്ചു. ആ കഥയിലെ വെല്ലുവിളികളെക്കുറിച്ച് ഞാന്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ റീമേക്ക് വേര്‍ഷനില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ചില പഴയ സിനിമകളുടെ പേരുകള്‍ അവര്‍ നിര്‍ദ്ദേശിച്ചു. അതുകൊണ്ട് രേഖാചിത്രത്തിന്റെ റീമേക്കുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. പക്ഷേ ഞാന്‍ ആയിരിക്കില്ല അത് സംവിധാനം ചെയ്യുന്നത്', ജോഫിന്‍ ടി ചാക്കോ പറഞ്ഞു.

റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അത് ബോക്‌സ് ഓഫീസിലും പ്രതിഫലിച്ചിരുന്നു. ചിത്രം ആഗോള തലത്തില്‍ 75 കോടിയാണ് നേടിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. '2018'ന്റെയും 'മാളികപ്പുറം'ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് 'രേഖാചിത്രം'. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്‍, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com