
'IC 814' ദി കാണ്ഡഹാര്‍ ഹൈജാക്ക് എന്ന സീരീസില്‍ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമ നടപടിയുമായി എഎന്‍ഐ. സീരീസിന്റെ നാല് എപ്പിസോഡുകള്‍ നീക്കം ചെയ്യണമെന്നാണ് എഎന്‍ഐ ആവശ്യപ്പെട്ടിരിക്കുന്നത്. നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 814 ഹൈജാക്ക് ചെയ്തതിനെ കുറിച്ചുള്ള സീരീസാണിത്. ലൈസന്‍സില്ലാതെ എഎന്‍ഐയുടെ ആര്‍ക്കൈവല്‍ ദൃശ്യങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിച്ചു എന്നാണ് എഎന്‍ഐയുടെ അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ പറഞ്ഞത്.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ സീരീസ് നേരത്തെ തന്നെ വിവാദത്തില്‍ പെട്ടിരുന്നു. സീരീസിലെ ഹൈജാക്കര്‍മാരുടെ പേര് ഭോല ശങ്കര്‍ എന്നാക്കിയതിനെ തുടര്‍ന്നായിരുന്നു വിവാദം. ഹൈജാക്കര്‍മാര്‍ മുസ്ലീങ്ങളായിരിക്കെ ഹിന്ദുക്കളായി ചിത്രീകരിച്ചുവെന്നായിരുന്നു ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍. ഇതേ തുടര്‍ന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് മേധാവിയെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിളിപ്പിച്ചിരുന്നു.
1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. യാത്ര ആരംഭിച്ച ഉടന്‍ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, തീവ്രവാദികളായ മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ നിര്‍ബന്ധിതരായി.