

ഒരു ഇടവേളയ്‌ക്കുശേഷം സുഹാസിനി മണിരത്‌നം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'അഞ്ചാം പ്രമാണം'. നടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. ജയ് ദേവ് സംവിധാനം ചെയ്യുന്ന ചിത്രം റൂബി എൻഡവർ ആണ് നിർമിക്കുന്നത്.
ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. സുഹാസിനി മണിരത്‌നം ഫസ്റ്റ് ക്ലാപ്പും നൽകി. സൈക്കോളജിക്കൽ ത്രില്ലർ ഴോണറിൽ ഒരുക്കുന്ന ചിത്രം സമ്പത്തും പ്രതാപവും നിറഞ്ഞ 80കളിലെ ഒരു സുറിയാനി ക്രിസ്ത്യൻ കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
തികച്ചും റിയലിസ്റ്റിക്കായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസി ആയാണ് സുഹാസിനി എത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയാണ് അവതരിപ്പിക്കുന്നത്. രൺജി പണിക്കർ, ബോളിവുഡ് നടി നിമിഷ എലിസബത്ത് ഡീൻ, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ബോളിവുഡ് നടി നിമിഷ ഡീൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'അഞ്ചാം പ്രമാണം'. സുഷാന്ത് സിംഗ് രാജ്പുത് നായകനായ 'ദിൽ ബേച്ചാരാ' എന്ന ചിത്രത്തിലുടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്.
ഷൈനി ആന്റണിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - സൂരജ് എസ് കുറുപ്പ്, ഛായാഗ്രഹണം - സിന്റോ പൊടുത്താസ്, എഡിറ്റിങ് -ബീന പോൾ, കലാ സംവിധാനം - അപ്പുണ്ണി സാജൻ, മേക്കപ്പ് - വിൻസി, കോസ്റ്റ്യും ഡിസൈൻ - മഞ്ജുഷ രാധാകൃഷ്ണൻ, സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, ഫിനാൻസ് കൺട്രോളർ, അനിൽ ആമ്പല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആദർശ് ജി. നായർ, കോ ഡയറക്ടർ - മിരിയം ചാണ്ടി, പ്രൊഡക്ഷൻ മാനേജർ - ജെറി വിൻസന്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അസ്മീർ നേമം, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ.
കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.