'ഈ തനി നിറം' വരുന്നു; അനൂപ് മേനോന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസ് തീയതി പുറത്ത്

രതീഷ് നെടുമങ്ങാട് ആണ് 'ഈ തനിനിറം' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
'ഈ തനിനിറം' സിനിമ
'ഈ തനിനിറം' സിനിമ
Published on
Updated on

കൊച്ചി: അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഈ തനിനിറം' എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനവരി പതിനാറിന് ആണ് പ്രദർശനത്തിനെത്തുന്നത്.

മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.

കെ. മധു, ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാംപ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒരു ക്യാംപിൽ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിൽ ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നു. ഈ ദുരന്തത്തിന്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ പിന്നിട്ടുള്ള കഥാപുരോഗതി.

അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങൾ പിന്നീടുമ്പോഴും വലിയ ദുരൂഹതകളുടെ ചുരുളുകളാണ് നിവരുന്നത്. ഈ കുറ്റാന്വേഷണ ചിത്രത്തിന്റെ ആകർഷണീയതയും പുതിയ പുതിയ വഴിഞ്ഞിരിവുകൾ തന്നെയാണ്. എസ്.ഐ. ഫെലിക്സ് ലോപ്പസ് ആണ് ഈ കേസന്വേഷണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. അനൂപ് മേനോൻ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം), അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബികാ കണ്ണൻ ഭായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം - ബിനോയ് രാജ് കുമാർ, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിങ് - അജു അജയ്, കലാസംവിധാനം - അശോക് നാരായൺ, കോസ്റ്റ്യും - ഡിസൈൻ - റാണാ, മേക്കപ്പ് - രാജേഷ് രവി, സ്റ്റിൽസ് - സാബി ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജു സമഞ്ജ്സ, അസോസിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസന്റ്, സൂര്യ, ഫിനാൻസ് കൺട്രോളർ - ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ.

ഓശാനാ മൗണ്ട്, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com