
വിക്രം തീര്‍ത്ത വമ്പന്‍ വിജയത്തിന് പിന്നാലെ ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഉലകനായകന്‍ കമല്‍ഹാസന് വേണ്ടി അണിയറയില്‍ ഒരുക്കുന്നത്. ഹിറ്റ്മേക്കര്‍ ശങ്കറിനൊപ്പം കമല്‍ വീണ്ടും ഒന്നിക്കുന്ന ഇന്ത്യന്‍ 2, മഹാനടിയിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി 2898 എഡി എന്നിവയാണ് താരത്തിന്‍റെതായി റിലീസ് ആകാന്‍ പോകുന്ന സിനിമകള്‍. കല്‍ക്കി ജൂണ്‍ 27നും ഇന്ത്യന്‍ 2 ജൂലൈ 12നും ആണ് തീയേറ്ററുകളിലെത്തുക.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കല്‍ക്കിക്കും ഇന്ത്യന്‍ 2നും മുന്‍പ് കമലിന്‍റെ ഒരു കള്‍ട്ട് ക്ലാസിക് ചിത്രം വീണ്ടും തീയേറ്ററുകളിലെത്തുന്നു എന്നാണ്. 1991 സന്താനഭാരതി സംവിധാനം ചെയ്ത ഗുണയാകും റീ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ജൂണ്‍ 21ന് തീയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സില്‍ ഗുണയിലെ പ്രശസ്തമായ 'കണ്‍മണി അന്‍പോട് കാതലന്‍' എന്ന ഗാനം ഉപയോഗിച്ചതിന് പിന്നാലെ ഗുണയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് ടീമിനെ ഉലകനായകന്‍ നേരിട്ട് അഭിനന്ദിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം തന്‍റെ അനുവാദം ഇല്ലാതെ ഗാനം ഉപയോഗിച്ച് കാട്ടി സംഗീത സംവിധായകന്‍ ഇളയ രാജ നല്‍കിയ കേസ് കോടതിയിലാണ്.
കല്‍ക്കിക്കും ഇന്ത്യന്‍ 2നും ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് കമല്‍ഹാസന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ പ്രൊജക്ട്. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമലും മണിരത്നവും ഒരുമിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം തമിഴ്നാട്ടിലും വിദേശത്തുമായി പുരോഗമിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കന്‍ എന്നാണ് തഗ് ലൈഫില്‍ കമല്‍ഹാസന്‍റെ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന പേര്.