ഇമോഷന്‍ പ്ലസ് ആക്ഷന്‍; അനുരാഗ് കശ്യപിന്റെ 'നിഷാഞ്ചി' ടീസര്‍ പുറത്ത്

സെപ്റ്റംബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്.
Nishanchi Movie
നിഷാഞ്ചി ടീസറില്‍ നിന്ന് Source : YouTube Screen Grab
Published on
Updated on

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിഷാഞ്ചിയുടെ ടീസര്‍ പുറത്ത്. ഇമോഷനും ആക്ഷനും നിറഞ്ഞൊരു പാക്കേജായിരിക്കും നിഷാഞ്ചി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ക്രൈം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ആയിശ്വരി താക്കറെ ആദ്യമായി അഭിനയ രംഗത്തേക്ക് അരങ്ങേറുന്ന ചിത്രം കൂടിയാണിത്.

ജാര്‍ പിക്ചേഴ്സിന്റെ ബാനറില്‍ അജയ് റായ്, രഞ്ജന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് ഫ്ലിപ്പ് ഫിലിംസുമായി ചേര്‍ന്നാണ് 'നിഷാഞ്ചി' നിര്‍മിക്കുന്നത്. വേദിക പിന്റോ, മോണിക്ക പന്‍വര്‍, മുഹമ്മദ് സീഷന്‍ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

ബിഗ് സ്‌ക്രീനിനായി ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത് രണ്ട് സഹോദരന്മാരുടെ കഥയാണ്. തികച്ചും വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിക്കുന്ന അവരുടെ സങ്കീര്‍ണമായ ജീവിത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു രസകരമായ സിനിമാറ്റിക് അനുഭവമാണ് 'നിഷാഞ്ചി' നല്‍കുന്നത്. സെപ്റ്റംബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്.

2016ലാണ് നിഷാഞ്ചിയുടെ തിരക്കഥ അനുരാഗ് കശ്യപ് എഴുതുന്നത്. "അന്നുമുതല്‍ ഈ സിനിമ അതിന്റെ പൂര്‍ണതയില്‍ നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയായിരുന്നു. അത് ചെയ്യാന്‍ എന്നെ പൂര്‍ണമായി വിശ്വസിക്കുന്ന ഒരു സ്റ്റുഡിയോയെ ഞാന്‍ അന്വേഷിക്കുകയായിരുന്നു. ആമസോണ്‍ എംജിഎമ്മിന് കഥ ഇഷ്ടപ്പെട്ടു. അതില്‍ വിശ്വാസം അര്‍പ്പിച്ചു", എന്ന് അനുരാഗ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു. "മനുഷ്യ വികാരങ്ങള്‍, സ്നേഹം, കാമം, ശക്തി, കുറ്റകൃത്യം, ശിക്ഷ, വഞ്ചന, മോചനം, അതിന്റെയെല്ലാം അനന്തരഫലങ്ങള്‍ എന്നിവ നിറഞ്ഞ ഒരു കഥ", എന്നാണ് സിനിമയെ അനുരാഗ് വിശേഷിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com