"നട്ടെല്ലില്ലാത്ത കലാകാരന്മാരുടെ ഭാവി ഇതാണ്"; എഐ സിനിമയായ ചിരഞ്ജീവി ഹനുമാനെ വിമര്‍ശിച്ച് അനുരാഗ് കശ്യപ്

സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് വിമര്‍ശനം അറിയിച്ചു.
അനുരാഗ് കശ്യപ്
അനുരാഗ് കശ്യപ്
Published on

വിജയ് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വര്‍ക്ക്, ആദ്യ എഐ നിര്‍മിത ചിത്രമായ ചിരഞ്ജീവി ഹനുമാന്‍ - ദി എറ്റേണലിന്റെ പോസ്റ്റര്‍ പുറത്തിറക്കി. അതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തെത്തിയിരിക്കുകയാണ്.

"വിജയ് സുബ്രഹ്‌മണ്യത്തിന് അഭിനന്ദനങ്ങള്‍. കലാകാരന്മാരെയും എഴുത്തുകാരെയും സംവിധായകരെയും പ്രതിനിധീകരിക്കുന്ന കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വര്‍ക്കിന് നേതൃത്വം നല്‍കുന്ന വ്യക്തി ഇതാ ഇപ്പോള്‍ എഐ നിര്‍മിച്ച ഒരു സിനിമ അവതരിപ്പിക്കുന്നു. ഇത്തരം ഏജന്‍സികള്‍ക്കെല്ലാം പണം സമ്പാദിക്കുക എന്നതില്‍ മാത്രമാണ് താല്‍പര്യം. അതുകൊണ്ട് തന്നെ അവര്‍ പൂര്‍ണമായും എഐയിലേക്ക് പോകുന്നു", അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"ഏതൊരു നടനും അല്ലെങ്കില്‍ സ്വയം കലാകാരന്‍ എന്ന് വിളിക്കുന്ന നട്ടെല്ലുള്ള ആരാണെങ്കിലും ഈ എഐ സിനിമ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ ഏജന്‍സി വിടുകയോ ചെയ്യണം. ഹിന്ദി ചലച്ചിത്ര മേഖലയിലെ നട്ടെല്ലില്ലാത്തവരും ഭീരുക്കളുമായ കലാകാരന്മാരുടെ ഭാവി ഇതാണ്. നിങ്ങള്‍ ചെയ്തത് വളരെ നന്നായി വിജയ് സുബ്രഹ്‌മണ്യം. നാണക്കേട് തോന്നുന്നു", അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

പ്രൊഡക്ഷന്‍ ഹൗസായ അബുണ്ടാന്റിയ എന്റര്‍ടെയിന്‍മെന്റും ഈ എഐ ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. "ചിരഞ്ജീവി ഹനുമാന്‍ - ദി എറ്റേണല്‍ എന്ന കാലാതീതമായ കഥ ആദ്യമായി മെയ്ഡ് ഇന്‍ എഐ, മെയിഡ് ഇന്‍ ഇന്ത്യ അവതാരത്തില്‍ തിയേറ്ററുകളില്‍ എത്തിക്കുന്നതില്‍ അഭിമാനവും ബഹുമാനവും തോന്നുന്നു. നമ്മുടെ സംസ്‌കാരത്തോടും പൈതൃകത്തോടും ചരിത്രത്തോടും ഉള്ള ആദരവോടെ 2026ലെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഈ നൂതന ദൃശ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ഒരുങ്ങുന്നു", എന്നാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് വിമര്‍ശനം അറിയിച്ചു. "അങ്ങനെ ഇത് ആരംഭിക്കുന്നു. മെയ്ഡ് ഇന്‍ എഐ ആകുമ്പോള്‍ എഴുത്തുകാരെയും സംവിധായകരെയും ആര്‍ക്കാണ് വേണ്ടത്?", എന്നാണ് അദ്ദേഹം കുറിച്ചത്.

എഐ ഉപയോഗിച്ച് നിര്‍മിച്ച ചിരഞ്ജീവി ഹനുമാന്‍ എന്ന ചിത്രത്തെ സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്‌വാനെയും ശക്തമായി എതിര്‍ത്തിരിക്കുകയാണ്. രാഞ്ജന എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് എഐ ഉപയോഗിച്ച് മാറ്റി റീ റിലീസ് ചെയ്തപ്പോഴും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com