'റൈഫിള്‍ ക്ലബ്ബിന്' ശേഷം 'ഡെലുലു'; അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലേക്ക്

ഷബ്‌ന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡെലുലു എന്ന പ്രത്യേകതയും ഉണ്ട്
'റൈഫിള്‍ ക്ലബ്ബിന്' ശേഷം 'ഡെലുലു'; അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലേക്ക്
Published on


ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലേക്ക്. ഇമൈക്ക നൊടികളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്ക് എത്തിയ അനുരാഗ് പിന്നീട് മഹാരാജ, ലിയോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അതിന് ശേഷം മലയാളത്തില്‍ ആദ്യമായി ആഷിക് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇനി അടുത്തത് ഷബ്‌ന മുഹമ്മദ് സംവിധാനം ചെയ്യുന്ന ഡെലുലുവാണ്. ഡെല്യൂഷന്റെ ചുരുക്കപ്പേരായ ഡെലുലുവില്‍ എന്ത് കഥാപാത്രമായാണ് അനുരാഗ് കശ്യപ് എത്തുന്നതെന്ന് വ്യക്തമല്ല.

അനുരാഗ് കശ്യപിനൊപ്പം റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നിഖില വിമല്‍, ചന്ദു സലീംകുമാര്‍, ദാവീദ് പ്രക്കാട്ട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പമ്പരം പ്രൊഡക്ഷന്‍സാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രം ഉടനെത്തുമെന്നാണ് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.


ഷിനോസ് ഛായാഗ്രഹണവും സൈജു ശ്രീധരന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. സയീദ് അബ്ബാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം - അപ്പുണി സാജന്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സൗണ്ട് ഡിസൈനര്‍ - നിക്സണ്‍ ജോര്‍ജ്, സൗണ്ട് മിക്സിംഗ് - സിനോയ് ജോസഫ്, മേക്കപ്പ് - അന്ന ലൂക്കാ, മാര്‍ക്കറ്റിംഗ് - ഹൈറ്റ്‌സ്, പിആര്‍ഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

ഷബ്‌ന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡെലുലു എന്ന പ്രത്യേകതയും ഉണ്ട്. സൈജു ശ്രീധരന്‍ സംവിധാനം ചെയ്ത ഫൂട്ടേജിന്റെ സഹരചയ്താവാണ് ഷബ്‌ന മുഹമ്മദ്. വാങ്ക് ആണ് ഷബ്‌നയുടെ ആദ്യ ചിത്രം. വാങ്കിന് തിരക്കഥ രചിച്ചുകൊണ്ടാണ് ഷബ്‌ന സിനിമയിലേക്ക് എത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com