'വളരെ കാലം മുമ്പ് എനിക്ക് ഓസ്‌കാര്‍ ലഭിച്ചു, ഇപ്പോള്‍ ആരാണ് അത് ശ്രദ്ധിക്കുന്നത്'; എ ആര്‍ റഹ്‌മാന്‍

മലയാളത്തില്‍ ആടുജീവിതമാണ് അവസാനമായി റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രം
'വളരെ കാലം മുമ്പ് എനിക്ക് ഓസ്‌കാര്‍ ലഭിച്ചു, ഇപ്പോള്‍ ആരാണ് അത് ശ്രദ്ധിക്കുന്നത്'; എ ആര്‍ റഹ്‌മാന്‍
Published on


1990കള്‍ മുതല്‍ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് എആര്‍ റഹ്‌മാന്‍. ഇപ്പോഴിതാ തനിക്ക് സന്തോഷം നല്‍കുന്ന പ്രൊജക്ടുകള്‍ക്ക് മാത്രമല്ല താന്‍ മുന്‍ഗണന കൊടുക്കാറ് എന്ന് പറഞ്ഞിരിക്കുകയാണ് റഹ്‌മാന്‍. ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ഇതേ കുറിച്ച് സംസാരിച്ചത്.

ഇനി സ്വയം തെളിയിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തന്റെ സര്‍ഗവാസനയെ തൃപ്തിപ്പെടുത്തുന്ന ബിഗ് ബജറ്റ് സിനിമകളും നോണ്‍ ഫിലിം പ്രൊജക്ടുകളുമാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും റഹ്‌മാന്‍ പറഞ്ഞു. 'വളരെ കാലം മുമ്പ് എനിക്ക് ഓസ്‌കാര്‍ ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ അത് ആരാണ് ശ്രദ്ധിക്കുന്നത്. വരും തലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ജോലിയാണ് ഞാന്‍ ചെയ്യുന്നത്', റഹ്‌മാന്‍ പറഞ്ഞു.

തന്നെ എപ്പോഴും അലോസരപ്പെടുത്തുന്ന രണ്ട് കാര്യങ്ങളെ കുറിച്ചും റഹ്‌മാന്‍ സംസാരിച്ചു. 'പ്രായത്തിന് അനുസരിച്ച് എന്റെ സഹിഷ്ണുത യഥാര്‍ഥത്തില്‍ കുറഞ്ഞുവരുകയാണ്. രണ്ട് കാര്യങ്ങളാണ് എന്നെ അലോസരപ്പെടുത്തുന്നത്. ടൈമറിനൊപ്പമുള്ള സെല്‍ഫി അഭ്യര്‍ത്ഥനയും ചില സംവിധായകരും. അവര്‍ ഭ്രാന്തമായ വരികള്‍ എഴുതി വരും. അപ്പോള്‍ ഞാന്‍ എന്നോട് സ്വയം ചോദിക്കും, ഇത് സ്‌റ്റേജില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന്. ഉത്തരം ഇല്ല എന്നാണെങ്കില്‍ ഞാന്‍ അത് നിരസിക്കും', റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ആടുജീവിതമാണ് അവസാനമായി റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രം. തമിഴില്‍ രായന്‍, ലാല്‍ സലാം എന്നീ ചിത്രങ്ങളും ഹിന്ദിയില്‍ അമര്‍ സിംഗ് ചംകീല എന്ന ചിത്രത്തിനും സംഗീതം നല്‍കി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com